കൊച്ചി: ജനകീയ പ്രശ്നങ്ങളില്‍ വ്യവസ്ഥാപിത മുഖ്യധാര പ്രസ്ഥാനങ്ങള്‍ ഇടപെട്ടില്ലങ്കില്‍ ആ സാഹചര്യം മുതലെടുക്കുക സമാന്തര സംഘടനകളാകുമെന്നു പ്രതിരോധമന്ത്രി എ.കെ ആന്റണി. അതു സമൂഹത്തില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഈ സാഹചര്യത്തില്‍ സമൂഹത്തിലെ ജീര്‍ണതകള്‍ക്കെതിരെ സാംസ്കാരിക പ്രവര്‍ത്തകര്‍ തൂലിക ചലിപ്പിക്കണമെന്നും ആന്റണി പറഞ്ഞു. കൊച്ചി ടൌണ്‍ ഹാളില്‍ പ്രഫ.ജി. ബാലചന്ദ്രന്റെ ‘തകഴിയുടെ സര്‍ഗപഥങ്ങള്‍’ പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
തന്റെ തലമുറ വായിച്ചു വളര്‍ന്ന തകഴിയെപ്പോലുള്ളവരുടെ രചനകള്‍ സമൂഹത്തെ ത്രസിപ്പിക്കുന്ന തരത്തിലുള്ളവയായിരുന്നു. പുത്തന്‍കാലത്തെ എഴുത്തുകാര്‍ക്ക് അതു സാധിക്കുന്നുണ്ടോയെന്നു സാഹിത്യം ഗൌരവമായി നിരീക്ഷിക്കുന്നവര്‍ പരിശോധിക്കണം. താന്‍ അതു വിലയിരുത്തുന്നതിന് ആളല്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തുടക്കത്തില്‍ വിപ്ളവകരമായി പല കാര്യങ്ങളും ചെയ്യാന്‍ അക്കാലത്തെ സാഹിത്യകൃതികളാണു തനിക്കു പ്രചോദനമായതെന്ന് ആന്റണി പറഞ്ഞു. തകഴിയുമായും അദ്ദേഹത്തിന്റെ പുസ്തകങ്ങളുമായും തനിക്കു കുട്ടിക്കാലം മുതല്‍ തന്നെ ബന്ധമുണ്ട്. കെഎസ്യു പ്രവര്‍ത്തനകാലത്തും സജീവ രാഷ്ട്രീയ പ്രവര്‍ത്തനകാലത്തും തനിക്ക് അദ്ദേഹവുമായി അടുപ്പമുണ്ടായിരുന്നു. തനി നാട്ടിന്‍പുറത്തുകാരനായിരുന്ന അദ്ദേഹത്തിന്റെ കഥകളിലും പച്ചയായ ജീവിതമാണു കാണാനാകുക. കേരളം ലോകത്തിനു നല്കിയ സംഭാവനയായിരുന്നു തകഴി. ചെറുപ്പത്തില്‍ വായനാശീലം നന്നായുണ്ടായിരുന്നുവെങ്കിലും പിന്നീടു തിരക്കുകള്‍ക്കിടയില്‍ ആ ശീലം നഷ്ടമായി.
ചില പുസ്തകങ്ങളൊക്കെ വായിക്കാന്‍ ഇപ്പോഴും സമയം കണ്ടത്താറുണ്െടന്നും ആന്റണി പറഞ്ഞു. കേന്ദ്രമന്ത്രി പ്രഫ.കെ.വി.തോമസിനു ആദ്യ പ്രതി നല്കിയാണ് ആന്റണി പുസ്തകം പ്രകാശിപ്പിച്ചത്.
Discussion about this post