വര്‍ക്കല: രാഷ്ട്രീയ തൊട്ടുകൂടായ്മ രാജ്യത്ത് അനുദിനം വര്‍ധിക്കുകയാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ശിവഗിരി മഠത്തിലെ ശാരദാ പ്രതിഷ്ഠയുടെ 101-ാം വാര്‍ഷികവും ധര്‍മമീമാംസ പരിഷത്തും ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു അദ്ദേഹം. ”അനാചാരങ്ങള്‍ക്കെതിരെ പോരാടിയ സ്വാമി വിവേകാനന്ദന്റെയും നാരായണ ഗുരുവിന്റെയും ദര്‍ശനങ്ങളില്‍ ഏറെ സാമ്യമുണ്ട്. സാമൂഹ്യമായ തൊട്ടുകൂടായ്മകള്‍ മാറ്റാന്‍ ഇരുവരുടെയും കര്‍മങ്ങള്‍ക്ക് കഴിഞ്ഞു. എന്നാല്‍ രാഷ്ട്രീയമായ തൊട്ടുകൂടായ്മ രാജ്യത്ത് നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. ഈ സ്ഥിതിക്ക് മാറ്റമുണ്ടാകണം.
യുവജനങ്ങളുടെ തൊഴില്‍ശേഷി വര്‍ധിപ്പിച്ചാലെ രാജ്യത്ത് പുരോഗമനം സാധ്യമാവുകയുള്ളൂ. ഗുജറാത്ത് ഇക്കാര്യത്തില്‍ ഏറെ മുന്നിലാണ്. തൊഴില്‍ശേഷി വികസനത്തിന് അവിടെ ഒരു സര്‍വകലാശാലതന്നെയുണ്ട്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി ഏര്‍പ്പെടുത്തിയ പുരസ്‌കാരം ലഭിച്ചതും ഗുജറാത്തിനാണ്. ഗുജറാത്തില്‍ എല്ലായിടത്തും മലയാളികളുണ്ട്. ഗുജറാത്തിന്റെ വികസനത്തിന് പിന്നില്‍ മലയാളികളുടെയും വിയര്‍പ്പുണ്ട്. അതിന് ഞാന്‍ നിങ്ങളോട് നന്ദി പറയുന്നു”- മോഡി പറഞ്ഞു.
ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ കേരളത്തിന്റെ ചരിത്രം തന്നെ മാറ്റിമറിച്ചതായി മോഡി അഭിപ്രായപ്പെട്ടു. ” പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ക്കെല്ലാം ഗുരുദര്‍ശനങ്ങളോട് കടപ്പെട്ടിരിക്കുന്നു. പാശ്ചാത്യരാജ്യങ്ങള്‍ പോലും സ്ത്രീകള്‍ക്ക് വോട്ടവകാശം നിഷേധിച്ച കാലഘട്ടത്തില്‍ സ്ത്രീ ശാക്തീകരണത്തിന് ശ്രമിച്ചയാളാണ് നാരായണ ഗുരു. ലോകം ഇന്ന് നേരിടുന്ന പ്രധാന പ്രശ്‌നങ്ങളായ ആഗോള താപനത്തിനും ഭീകരവാദത്തിനുമുള്ള പരിഹാരം ഗുരുദര്‍ശനങ്ങളാണ്. ലാളിത്യവും കരുണയും ഏകലോകചിന്തയും അദ്ദേഹത്തിന്റെ തത്വങ്ങളായിരുന്നു. പ്രകൃതിക്ക് ഇണങ്ങുന്ന തരത്തില്‍ അദ്ദേഹം വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചു. വലിയ അമ്പലങ്ങള്‍ കൊണ്ട് ദൈവീകത വര്‍ധിക്കില്ലെന്ന ആശയം അദ്ദേഹം പ്രചരിപ്പിച്ചു. എന്നാല്‍ ഇതൊന്നും കേള്‍ക്കാതെ വലിയ അമ്പലങ്ങള്‍ പണികഴിപ്പിക്കുന്ന തിരക്കിലാണ് ചിലര്‍. ഗുരുദേവ ദര്‍ശനങ്ങള്‍ ഗുജറാത്തില്‍ പ്രചരിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും എന്റെ പിന്തുണയുണ്ട്”-മോഡി പറഞ്ഞു.
ശിവഗിരിക്ക് ഒരു രാഷ്ട്രീയവുമില്ലെന്നും മഠം എല്ലാക്കാലത്തും സാര്‍വലൗകീക തത്വത്തെയാണ് ആശ്ലേഷിച്ചതെന്നും മഠത്തിന്റെ പ്രതിനിധികള്‍ വ്യക്തമാക്കി. ഉദ്ഘാടന കര്‍മ്മം സസന്തോഷം ഏറ്റെടുത്തു നിര്‍വഹിച്ച മോഡിക്ക് മഠം പ്രതിനിധികള്‍ നന്ദി പ്രകാശിപ്പിച്ചു. മഠാധിപതി സ്വാമി പ്രകാശാനന്ദ അധ്യക്ഷനായിരുന്നു. ഋതംബരാനന്ദ സ്വാമികള്‍, പരാനന്ദ സ്വാമികള്‍, സുധാനന്ദ സ്വാമികള്‍, വിശുദ്ധാനന്ദ സ്വാമികള്‍, വിശാലാനന്ദ സ്വാമികള്‍, ഗുരുപ്രസാദ സ്വാമികള്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് വി.മുരളീധരന്‍, ദേശീയ നേതാവ് ഒ.രാജഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ കേരള കൗമുദി മാനേജിങ് എഡിറ്റര്‍ എം.എസ്.രവിയെ ആദരിച്ചു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ മോഡിയെ ബി.ജെ.പി. സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍, ദേശീയ ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, മുന്‍ സംസ്ഥാന പ്രസിഡന്‍റുമാരായ സി.കെ. പദ്മനാഭന്‍, പി.കെ. കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് കരമന ജയന്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് അഡ്വ. വി.വി. രാജേഷ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. മോഡിയെ സ്വീകരിക്കാന്‍ കൈമനം ആശ്രമത്തെ പ്രതിനിധികരിച്ച് സ്വാമി ദേവാത്മാനന്ദ എത്തിയിരുന്നു.
Discussion about this post