തിരുവനന്തപുരം: മലബാര്‍ സിമന്റസ് കേസ് രേഖകള്‍ ചോര്‍ന്നോയെന്ന് കണ്ടെത്താന്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. വിജിലന്‍സ് ഡയറക്ടര്‍ മഹേഷ്കുമാര്‍ സിംഗ്ള, ഇന്റലിജന്‍സ് എസ്പിക്കാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. വിവരാവകാശനിയമപ്രകാരം വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് ആര്‍ക്കെങ്കിലും കൊടുത്തിട്ടുണ്ടോയെന്നും പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നേരത്തെ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട്, കേസില്‍ ആരോപണ വിധേയനായ ചാക്ക് രാധാകൃഷ്ണനെന്ന വി.എം.രാധാകൃഷ്ണന്റെ വീട്ടില്‍ നിന്നും സിബിഐ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ സിബിഐ വിജിലന്‍സ് ഡയറക്ടറോട് വിശദീകരണം ആവശ്യപ്പെട്ട് നല്‍കിയ കത്ത് മുങ്ങിയതും വിവാദമായിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് വിവരാവകാശനിയമപ്രകാരം ലഭിച്ചതാണെന്നായിരുന്നു രാധാകൃഷ്ണന്‍ സിബിഐയോട് വ്യക്തമാക്കിയത്. മലബാര്‍ സിമന്റ്സിലെ കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രനേയും രണ്ടു മക്കളേയും തൂങ്ങിമരിച്ച നിലയില്‍ കണ്ട കേസില്‍ സിബിഐ അറസ്റുചെയ്ത രാധാകൃഷ്ണന്‍ നിലവില്‍ റിമാന്‍ഡിലാണ്.
Discussion about this post