അടുത്ത വര്‍ഷം മുതല്‍ ജില്ലാതല വിജയികള്‍ക്കും കാഷ് അവാര്‍ഡ്: മന്ത്രി
തിരുവനന്തപുരം: അടുത്തവര്‍ഷം മുതല്‍ ജില്ലാതല സ്‌കൂള്‍ കലോത്സവങ്ങളിലും എ ഗ്രേഡ് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ഗ്ഗപ്രതിഭാ പുരസ്‌കാരത്തിന്റെ ഭാഗമായി 5,000 രൂപ വീതം അനുവദിക്കുമെന്ന് പട്ടികജാതി-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ അറിയിച്ചു. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ എ ഗ്രേഡ് നേടിയ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ ‘സര്‍ഗ്ഗപ്രതിഭാ’ പുരസ്‌കാരത്തിന്റെ ഭാഗമായി 10,000 രൂപയുടെ ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആദ്യമായാണ് പട്ടികജാതിയില്‍പ്പെട്ട കലാപ്രതിഭകളെ അനുമോദിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇത്തരമൊരു പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മലപ്പുറത്തു നടന്ന സംസ്ഥാന സ്‌കൂള്‍ കലാമേളയില്‍ എ ഗ്രേഡ് കരസ്ഥമാക്കിയ 190 വിദ്യാര്‍ത്ഥികള്‍ക്കാണ് ക്യാഷ് അവാര്‍ഡുകള്‍ നല്‍കിയത്. മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. മേയര്‍ അഡ്വ. കെ. ചന്ദ്രിക മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ബി. സത്യന്‍ എം.എല്‍.എ., പട്ടികജാതി വികസന ഡയറക്ടര്‍ എസ്. ഹരികിഷോര്‍, ജോയിന്റ് ഡയറക്ടര്‍ ലീലാ ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു. പുരസ്‌കാരദാനത്തിന്റെ ഭാഗമായി സ്‌കൂള്‍ യുവജനോത്സവത്തില്‍ സമ്മാനിതമായ സോളോ കലാരൂപങ്ങള്‍ ഉള്‍ക്കൊളളിച്ചുകൊണ്ടുളള ‘സര്‍ഗ്ഗോത്സവം’ പരിപാടിയും നടന്നു.
Discussion about this post