തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസികള്‍ക്കിടയിലെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ അടിയന്തിരനടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
അടിയന്തിര സാഹചര്യം പരിഗണിച്ച് ഒരു കുടുംബത്തിന് ഒരു മാസം പത്തു കിലോ റാഗിയും രണ്ട് കിലോ പയറും നിലവില്‍ ലഭ്യമാകുന്ന അരിയ്ക്കു പുറമെ നല്‍കും. ഇത് നാലു മാസം തുടരും. സാമ്പത്തിക ബാധ്യത സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ആകെ 10182 ആദിവാസി റേഷന്‍കാര്‍ഡുകളാണ് അട്ടപ്പാടിയിലുള്ളത് ഇതില്‍ 7768 കുടുംബങ്ങള്‍ അന്ത്യോദയ അന്നയോജന കാര്‍ഡുകളാണ്. റാഗി കൃഷി ചെയ്യുന്നതിനുള്ള എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കും. പച്ചക്കറിയുള്‍പ്പെടെയുള്ളവ അനുയോജ്യമായ സ്ഥലങ്ങളില്‍ കൃഷി ചെയ്യുന്നതിനുള്ള സഹായം സര്‍ക്കാര്‍ നല്‍കുകയും കാര്‍ഷികോത്പന്നങ്ങള്‍ സംഭരിക്കുന്നതിനുള്ള സംവിധാനമൊരുക്കുകയും ചെയ്യും.
അട്ടപ്പാടിയിലുള്ള 172 അംഗന്‍വാടികളിലൂടെ മരുന്നുകളും പോഷകാഹരവും വിതരണം ചെയ്യുന്നുണ്ട്. അംഗന്‍വാടികളിലേക്ക് അമ്മമാരും കുട്ടികളും എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഏകദേശം തൊള്ളായിരത്തോളം ഗര്‍ഭിണികള്‍ ഇപ്പോള്‍ അവിടെയുണ്ട്. അവര്‍ നിര്‍ബന്ധമായും അംഗന്‍വാടികളിലെത്തുന്നുവെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പാക്കണം. പോഷകാഹാരവും മരുന്നും അടിയന്തിരമായി എത്തിക്കാന്‍ മനുഷ്യസാധ്യമായ എല്ലാം ചെയ്യണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂള്‍ ഉച്ചഭക്ഷണം ക്ലാസ്സില്‍ വരാത്ത കുട്ടികള്‍ക്കും നല്‍കാന്‍ തീരുമാനിച്ചു. മൂന്ന് പഞ്ചായത്തുകളില്‍ സഞ്ചരിക്കുന്ന മാവേലിസ്റ്റോറുകള്‍ കേന്ദ്രസഹായത്തോടെ നടപ്പാക്കും. വൈദ്യുതി വിച്ഛേദിക്കപ്പെട്ടതും അറ്റകുറ്റപ്പണികള്‍ ആവശ്യമായതുമായ പതിനേഴ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ ഉടന്‍ തകരാറുകള്‍ പരിഹരിച്ച് ആരംഭിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളിലെയും ജലനിധിയുടെ പദ്ധതികള്‍ കൃത്യമായി നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ജല അഥോറിറ്റിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. മൂന്ന് സംഘങ്ങളുടെ നേതൃത്വത്തില്‍ അടിയന്തിരമായി പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചത്. അട്ടപ്പാടിയിലുള്ള 206 ഊര് വികസന സമിതികളും സജീവമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആവശ്യമായ ഫണ്ടും സ്റ്റാഫും ഉടനടി ലഭ്യമാക്കും. അട്ടപ്പാടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് താത്പര്യമുള്ളവര്‍ക്ക് ഓരോ ഊരിന്റെയും ചുമതല നല്‍കാന്‍ അട്ടപ്പാടിയിലെ വിവിധ പ്രവര്‍ത്തനങ്ങളുടെ ഏകോപനച്ചുമതലയുള്ള സുബ്ബയ്യയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. ജൂണ്‍ ആറിന് അടുത്ത അവലോകനയോഗം അട്ടപ്പാടിയില്‍ നടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. യോഗത്തില്‍ കേന്ദ്രമന്ത്രി കെ.വി.തോമസ്, മന്ത്രിമാരായ കെ.സി.ജോസഫ്, വി.എസ്.ശിവകുമാര്‍, കെ.പി.മോഹനന്‍, അനൂപ് ജേക്കബ് , ബന്ധപ്പെട്ട വിവിധ വകുപ്പു മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post