തിരുവനന്തപുരം: കോതമംഗലത്ത് ഫോറസ്റ്റ് കോംപ്ലക്‌സും ഗ്രീന്‍ ബെല്‍റ്റും ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിമാരായ അടൂര്‍ പ്രകാശ്, പി.കെ.ജയലക്ഷ്മി, ടി.യു.കുരുവിള എം.എല്‍.എ., എന്നിവരുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കോതമംഗലം ഫോറസ്റ്റ് – റവന്യൂ ഭൂമി സംബന്ധിച്ച യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
കോതമംഗലം മുനിസിപ്പാലിറ്റിക്ക് വനം വകുപ്പില്‍ നിന്നും മുന്‍പു നല്‍കാമെന്ന് സമ്മതിച്ചിട്ടുള്ള 75 സെന്റ് സ്ഥലത്തിന്റെ കാര്യത്തില്‍ ഉടനടി തീരുമാനമെടുക്കണം. ഇത് സംബന്ധിച്ച് വനം വകുപ്പുമായുള്ള ധാരണപ്രകാരം സ്ഥലത്തിന്റെ ഓണര്‍ഷിപ്പിനായി മുനിസിപ്പാലിറ്റി റവന്യൂ വകുപ്പിന് അപേക്ഷ സമര്‍പ്പിക്കണം. പ്രദേശത്ത് നിലവില്‍ സ്ഥിതി ചെയ്യുന്ന ഫോറസ്റ്റ് വകുപ്പിന്റെ തടി ഡിപ്പോ അവിടെനിന്നും മാറ്റണം. ഫോറസ്റ്റ് കോംപ്ലക്‌സും ഗ്രീന്‍ ബെല്‍റ്റും വനംവകുപ്പിന്റെ അധീനതയിലായിരിക്കും. ബാക്കിയുള്ള സ്ഥലം മുഴുവന്‍ ഉടനടി വനം വകുപ്പ് റവന്യൂ വകുപ്പിന് കൈമാറണം. ഫോറസ്റ്റ് കോംപ്ലക്‌സില്‍ നിലവിലുള്ള ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സ് ഫ്‌ളാറ്റ് ആക്കി മാറ്റും. ഇതോടൊപ്പം ഗ്രീന്‍ ബെല്‍റ്റ് ഇക്കോ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുജനങ്ങള്‍ക്ക് കൂടി സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന വിധത്തില്‍ നിര്‍മിക്കണം. ഇതോടനുബന്ധിച്ചുള്ള മറ്റുകാര്യങ്ങളില്‍ തങ്ങള്‍ക്കുള്ള അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് റവന്യൂ, വനം വകുപ്പുകള്‍ ക്യാബിനറ്റിന് സമര്‍പ്പിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
Discussion about this post