കൊച്ചി: ആധുനികവത്കരണത്തിന്റെ പേരില്‍ തപാല്‍വകുപ്പ് തസ്തികകള്‍ വെട്ടിക്കുറക്കുന്നു. എറണാകുളം ഡിവിഷന്റെ കീഴില്‍ 24 പോസ്റ്റുമാന്‍ തസ്തികകള്‍ ഇന്നുമുതല്‍ ഇല്ലാതാവും. സംസ്ഥാനത്ത് നിരവധി പോസ്റ്റോഫീസുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു.
എറണാകുംളം ഡിവിഷനിലെ 24 തസ്തികകള്‍ നിര്‍ത്തലാക്കി കൊണ്ടുള്ള ഉത്തരവ് ഇറക്കിയിരിക്കുന്ന സീനിയര്‍ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസാണ്. ഉത്തരവ് ശനിയാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഒഴിഞ്ഞു കിടന്ന ഈ തസ്തികകളില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചിരുന്നു. തസ്തികകള്‍ ഇല്ലാതാകുന്നതോടെ ഇവര്‍ക്ക് ജോലി നഷ്ടമാകും.
ജില്ലയിലെ തന്നെ ഹിന്ദി പ്രചാര സഭ, കൊച്ചി വെളി, എംജി റോഡ്, ബാനര്‍ജി റോഡ് എന്നിവിടങ്ങളിലെ പോസ്റ്റ് ഓഫീസ് അടുത്ത ഇടയ്ക്ക് നിര്‍ത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ് ഓഫീസുകള്‍ നിര്‍ത്തലാക്കുന്നത്.
33 ശതമാനമെങ്കിലും വരുമാനം ഉണ്ടാക്കുന്ന പോസ്റ്റ് ഓഫീസുകള്‍ നിര്‍ത്തലാക്കാന്‍ പാടില്ലെന്നിരിക്കെയാണ് 70 ശതമാനത്തിലേറെ വരുമാനമുള്ള ഈ പോസ്റ്റ് ഓഫീസുകള്‍ നിര്‍ത്തലാക്കുന്നത്. ആലുവ, തൃശൂര്‍ ജില്ലകളിലായി പത്തു പോസ്റ്റ് ഓഫീസുകളും പ്രവര്‍ത്തനം നിര്‍ത്തി.
2008ലാണ് ടെലികോം മന്ത്രാലയം തപാല്‍ വകുപ്പില്‍ ആധുനികവത്ക്കരണം നടപ്പാക്കി തുടങ്ങിയത്. കോര്‍ ബാങ്കിംഗ് മാതൃകയിലേക്ക് പോസ്റ്റല്‍ വകുപ്പിനെ മാറ്റാന്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിന് കരാര്‍ നല്‍കി. ആധുനികവത്കരണ നടപടികള്‍ പാതി വഴിക്ക് നില്‍ക്കുകയും നിരവധി പോസ്റ്റ് ഓഫീസുകള്‍ ഇല്ലാതാകുകയും ചെയ്തു.
Discussion about this post