കോഴിക്കോട്: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ ആക്ഷേപിച്ച് ലേഖനം പ്രസിദ്ധീകരിച്ചതില്‍ മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രിക ഖേദം പ്രകടിപ്പിച്ചു. വിവാദ ലേഖനം പ്രത്യക്ഷപ്പെട്ട പ്രതിച്ഛായ എന്ന പംക്തിയില്‍ ‘ചന്ദ്രികയുടെ വിശദീകരണം’ എന്ന തലക്കെട്ടോടെയാണ് ഖേദപ്രകടനം. ഈ പംക്തിയില്‍ കഴിഞ്ഞ ദിവസമാണ് ‘പുതിയ പടനായര്‍’ എന്ന തലക്കെട്ടില്‍ സുകുമാരന്‍ നായരെ ആക്ഷേപിക്കും വിധം ലേഖനം പ്രസിദ്ധീകരിച്ചത്. സമകാലീന രാഷ്ട്രീയ വിഷയങ്ങള്‍ പരാമര്‍ശിച്ച ലേഖനം ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനുമായ ഗസ്റ് കോളമിസ്റ് എ.പി കുഞ്ഞാമുവാണ് തയാറാക്കിയതെന്ന് പത്രം വിശദീകരിച്ചു. ലേഖനം മുസ്ലീം ലീഗിന്റെ അറിവോടെയോ നിര്‍ദേശത്തോടെയോ സംഭവിച്ചതല്ലെന്നും ഇത് സംബന്ധിച്ച് മുസ്ലീം ലീഗ് ചന്ദ്രികയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു. ജി. സുകുമാരന്‍ നായരോടോ അദ്ദേഹം നേതൃത്വം നല്‍കുന്ന എന്‍എസ്എസിനോടോ മുസ്ലീം ലീഗിനോ ചന്ദ്രികയ്ക്കോ വെറുപ്പോ, വിദ്വേഷമോ ഇല്ല. എല്ലാ സമുദായങ്ങളുമായും നേതാക്കളുമായും സാഹോദര്യത്തിലും സഹവര്‍ത്തിത്വത്തിലും കഴിയണമെന്നത് പാര്‍ട്ടിയുടെയും ചന്ദ്രികയുടെയും നയവും നിലപാടുമാണെന്ന് പത്രം വിശദീകരിക്കുന്നു. മറ്റൊരാള്‍ എഴുതിയ കുറിപ്പിന്റെ പേരില്‍ സാമുദായിക സ്പര്‍ദ്ധ വളര്‍ത്തും വിധം ചില മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്ത് വൈരം കൂട്ടാന്‍ ശ്രമിച്ചത് ഖേദകരമാണെന്നും പത്രം പറയുന്നു. ചാനലുകള്‍ അടക്കമുള്ള മാധ്യമങ്ങള്‍ രാഷ്ട്രീയ നേതാക്കളെയും സമുദായ നേതാക്കളെയും കളിയാക്കാനും പരിഹസിക്കാനുമുളള സ്വാതന്ത്യ്രം യഥേഷ്ടം ഉപയോഗിക്കുമ്പോള്‍ ചന്ദ്രികയ്ക്ക് അതൊട്ടും പാടില്ലെന്ന് ശഠിക്കുന്ന മാധ്യമഫാസിസത്തില്‍ പ്രതിഷേധമുണ്ടെന്നും ലേഖനത്തില്‍ പറയുന്നു. പത്രാധിപരുടെ പേരില്‍ ഒന്നാം പേജിലാണ് ചന്ദ്രിക വിശദീകരണം നല്‍കിയിരിക്കുന്നത്. ലേഖനം രാഷ്ട്രീയ വിവാദമാകുകയും ലീഗ് നേതൃത്വം കടുത്ത നിലപാടുമായി രംഗത്തെത്തുകയും ചെയ്ത സാഹചര്യത്തിലാണ് അടിയന്തരമായി പത്രം വിശദീകരണം നല്‍കിയത്.
Discussion about this post