ചങ്ങനാശേരി: തന്നെ അധിക്ഷേപിച്ച കുറ്റത്തിന് ചന്ദ്രിക പത്രത്തിന്റെ ഖേദപ്രകടനം നടത്തിയത് മാനനഷ്ടത്തിനു പരിഹാരമാകില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. തന്നെ ആക്ഷേപിച്ച് ലേഖനം പ്രസിദ്ധീകരിച്ചതില്‍ മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രിക ഖേദം പ്രകടിപ്പിച്ചു പ്രസിദ്ധീകരിച്ച ലേഖനത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്നത്തെയും സമുദായത്തെയും തന്നെയും അധിക്ഷേപിക്കുകയാണ് ചന്ദ്രിക ചെയ്തത്. എന്‍എസ്എസിനെതിരെ മാത്രമല്ല വ്യക്തിപരമായും അധിക്ഷേപിക്കുകയാണ് പത്രം ചെയ്തത്. അതിനാലാണ് വക്കീല്‍ നോട്ടീസ് അയച്ചത്. ചന്ദ്രികയുടെ മറുപടിയെ ആശ്രയിച്ചിരിക്കും കേസ് സംബന്ധിച്ച തുടര്‍ നടപടികളെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തെപ്പറ്റി കൂടുതല്‍ പ്രതികരിക്കാന്‍ സുകുമാരന്‍ നായര്‍ തയാറായില്ല. ഇതു സംബന്ധിച്ച് വൈകാതെ തന്നെ അദ്ദേഹം മാധ്യമങ്ങളെ കാണുമെന്നാണ് സൂചന. വിവാദ ലേഖനം പ്രത്യക്ഷപ്പെട്ട പ്രതിച്ഛായ എന്ന പംക്തിയില്‍ ‘ചന്ദ്രികയുടെ വിശദീകരണം’ എന്ന തലക്കെട്ടോടെയാണ് ഖേദപ്രകടനം. ഈ പംക്തിയില്‍ കഴിഞ്ഞ ദിവസമാണ് ‘പുതിയ പടനായര്‍’ എന്ന തലക്കെട്ടില്‍ സുകുമാരന്‍ നായരെ ആക്ഷേപിക്കും വിധം ലേഖനം പ്രസിദ്ധീകരിച്ചത്. ലേഖനം രാഷ്ട്രീയ വിവാദമാകുകയും ലീഗ് നേതൃത്വം കടുത്ത നിലപാടുമായി രംഗത്തെത്തുകയും ചെയ്ത സാഹചര്യത്തിലാണ് അടിയന്തരമായി പത്രം വിശദീകരണം നല്‍കിയത്.
Discussion about this post