തിരുവനന്തപുരം: സംസ്ഥാനത്തു പനിയും പകര്‍ച്ച വ്യാധികളും വ്യാപകമായ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏഴര കോടി രൂപ അനുവദിക്കാന്‍ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസിന് അനുമതി നല്‍കിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ അറിയിച്ചുകൊണ്ടുള്ള പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്ക് ഒരു മാസത്തേക്കു സ്വകാര്യ പ്രാക്ടീസ് അനുവദിക്കുമെന്ന വാര്‍ത്ത പ്രചരിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം. മെഡിക്കല്‍ കോളജുകളിലും ജില്ലാ, താലൂക്ക് ആശുപത്രികളിലും ആരംഭിക്കുന്ന സായാഹ്ന ഒപികളുടെ സമയം മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷനുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കാന്‍ ആരോഗ്യ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
പകര്‍ച്ചവ്യാധി പ്രതിരോധത്തിനു മെഡിക്കല്‍ കോളജുകള്‍ക്ക് ഒരു കോടി രൂപ ഉടന്‍ അനുവദിക്കും. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളില്‍ 20 ലക്ഷം രൂപ വീതവും എസ്എടി, തൃശൂര്‍ എന്നിവിടങ്ങളില്‍ 10 ലക്ഷം രൂപ വീതവുമാകും അനുവദിക്കുക. ഹോമിയോ വകുപ്പിനു ജില്ലതോറും ഒരു ലക്ഷം രൂപ വീതവും ഭാരതീയ ചികിത്സാ വകുപ്പിന് 61.35 ലക്ഷം രൂപയും നല്‍കും. വിവിധ മെഡിക്കല്‍ കോളജുകളില്‍ 50 ഡോക്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കും.
തിരുവനന്തപുരം നഗരസഭയ്ക്കു നല്‍കിയ മൊബൈല്‍ ഇന്‍സിനറേറ്റര്‍ ആവശ്യമുള്ള മുനിസിപ്പാലിറ്റികള്‍ക്കു നല്‍കുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു.
Discussion about this post