തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന തുറമുഖങ്ങള്‍ നവീകരിക്കുന്നതിന് സര്‍ക്കാര്‍ സ്വകാര്യപങ്കാളിത്തം തേടുന്നു. 4000 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മാരിടൈം ബോര്‍ഡ് രൂപവല്‍ക്കരിക്കാനുളള ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം തുറമുഖം ഉള്‍പ്പടെ സംസ്ഥാനത്തുള്ള ആറ് തുറമുഖങ്ങളുടെ നവീകരണത്തിന് നടപടികള്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ഇതിന്റെ ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്. മാരിടൈം ബോര്‍ഡ് രൂപവല്‍ക്കരിച്ചുകഴിഞ്ഞാല്‍ സംസ്ഥാനത്തെ തുറമുഖങ്ങള്‍ ബോര്‍ഡിന്റെ കീഴിലാകും പ്രവര്‍ത്തിക്കുക.
വികസനപ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കാന്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനംമൂലം കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിരവധികാരണങ്ങളാലാണ് വിഴിഞ്ഞം പദ്ധതി അനിശ്ചിതമായി നീണ്ടുപോയത്. പദ്ധതി ഉടനെ യാഥാര്‍ത്ഥ്യമാകുമെന്നും വികസനപ്രവര്‍ത്തനത്തെ തടയാന്‍ ഇനിആര്‍ക്കും കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബേപ്പൂര്‍, കൊല്ലം, അഴീക്കല്‍, പൊന്നാനി, ആലപ്പുഴ, തങ്കശ്ശേരി എന്നീ തുറമുഖങ്ങളുടെ വികസനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി തുറമുഖവകുപ്പ് മന്ത്രി വി.സുരന്ദ്രന്‍പിള്ള പറഞ്ഞു. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും ഈ തുറമുഖങ്ങളുടെ വികസനം നടപ്പാക്കുക. കണ്ണൂരിലെ അഴീക്കല്‍ തുറമുഖത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. 3000 കോടി രൂപയുടെതാണ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു.
Discussion about this post