തിരുമാന്ധാംകുന്ന് കേശാദിപാദം (ഭാഗം – 22)
ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍
സത്യാനന്ദസുധാ വ്യാഖ്യാനം : ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍
ഫണികള്‍ കുലമണികള്‍ മണിയണിയുന്ന കാഞ്ചനത്തരികളിളകീടും തനുമദ്ധ്യം തൊഴുന്നേന്‍.
പ്രഗത്ഭരായ നാഗരാജാക്കന്മാര്‍ ശിരസ്സിലണിയുന്ന രത്‌നങ്ങള്‍ പതിച്ചു സ്വര്‍ണ്ണത്തരികളിളകുന്ന അരഞ്ഞാണ്‍ ശിവന്റെ അരക്കെട്ടിനെ അലങ്കരിക്കുന്നു. ഒതുങ്ങിയ ഈ അരക്കെട്ട് സൗന്ദര്യത്തെ വര്‍ദ്ധിപ്പിക്കുകയും ശാരീരശക്തിയെ അഭിവ്യക്തമാക്കുകയും ചെയ്യുന്നു. സൂക്ഷ്മചിന്തയില്‍ ഈ നാഗരാജാക്കന്മാര്‍ ഓരോ ജീവിക്കുള്ളിലും സുപ്തമായിരിക്കുന്ന ഈശ്വര ചൈതന്യം അഥവാ കുണ്ഡലിനിയാണ്. കുണ്ഡലിനി ഉണര്‍ന്നു മുകളിലേക്ക് ഉയരുമ്പോഴാണ് ഞാന്‍ ശിവനാണ് എന്ന അനുഭവം ജീവന്മാര്‍ക്കുണ്ടാകുന്നത്. ആ അവസ്ഥ പ്രാപിച്ച കുണ്ഡലിനിയാണ് മണിയണിയുന്ന നാഗത്താന്‍. സമസ്ത ജീവന്മാരും വിരാട്ടായ ശിവന്റെ ഭാഗമാകയാല്‍ എണ്ണിയാലൊടുങ്ങാത്തിടത്തോളം നാഗരാജാക്കന്മാര്‍ അരഞ്ഞാണായി കാണപ്പെടുന്നതിനു യുക്തിയുണ്ട്. ഇത്രയേറെ ജീവന്മാരുടെ സാന്നിദ്ധ്യമുണ്ടായിട്ടും ശിവന്റെ മദ്ധ്യം മെലിഞ്ഞിട്ടാണെന്നേ തോന്നുന്നുള്ളൂ. അനന്തകോടി ബ്രഹ്മാണ്ഡങ്ങളെ അപേക്ഷിച്ച് ശിവന്റെ ആകൃതി വലിപ്പം അതു വ്യക്തമാക്കുന്നു. ഈ പ്രപഞ്ചം നമുക്ക് എത്രതന്നെ വലുതായി കാണപ്പെട്ടാലും ഭഗവാനെ സംബന്ധിച്ചിടത്തോളം അണുതുല്യമാണ്.
‘പാദോfസ്യ വിശ്വാ ഭൂതാനി
ത്രിപാദസ്യാമൃതം ദിവി’
എന്നു പുരുഷസൂക്തം ഇക്കാര്യം നന്നായി സ്പഷ്ടമാക്കിയിരിക്കുന്നു.
Discussion about this post