തിരുവനന്തപുരം: തനിക്കെതിരെ എം.ചന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ചു മാപ്പു പറയണമെന്ന് എ.പി. അബ്‌ദുല്ലക്കുട്ടി. അബ്‌ദുല്ലക്കുട്ടിയെയും ഒരു സ്‌ത്രീയെയും പൊന്‍മുടിയിലേക്കു പോകും വഴി കാര്‍ തടഞ്ഞുനിര്‍ത്തി നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചുവെന്നാണ് എം. ചന്ദ്രന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞത്. ആരോപണം അടിസ്‌ഥാന രഹിതമാണെന്നും സത്യവുമായി പുലബന്ധം പോലുമില്ലെന്നും അബ്‌ദുല്ലക്കുട്ടി ശൂന്യവേളയില്‍ പറഞ്ഞു. തനിക്കൊപ്പം ഉണ്ടായിരുന്നത് സുഹൃത്തുക്കളാണ്. പിന്നിലെ കാറില്‍ വ്യവസായി പ്രസാദ് പണിക്കരും അദ്ദേഹത്തിന്റെ ഭാര്യയും മകനും ആയിരുന്നുവെന്നും അബ്‌ദുല്ലക്കുട്ടി പറഞ്ഞു.
അതേസമയം, തന്റെ പ്രസ്‌താവനയില്‍ ഉറച്ചു നില്‍ക്കുന്നതായിഎം.ചന്ദ്രന്‍ സഭയില്‍ അറിയിച്ചു. എന്നാല്‍ പൊലീസ് റിപ്പോര്‍ട്ട് അനുസരിച്ച് അബ്‌ദുല്ലക്കുട്ടിക്കൊപ്പം സ്‌ത്രീകള്‍ ഉണ്ടായിരുന്നില്ലെന്നും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞപ്പോള്‍ എംഎല്‍എ പൊലീസ് സ്‌റ്റേഷനിലെത്തി സംരക്ഷണം ആവശ്യപ്പെടുകയായിരുന്നുവെന്നും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. ഒരു കുടുംബമാണ് അദ്ദേഹത്തിന്റെ പിന്നിലുണ്ടായിരുന്ന കാറിലെന്നും വ്യക്‌തമാക്കി.ഇതേതുടര്‍ന്ന്, സ്‌പീക്കറുടെ അധികാരം ഉപയോഗിച്ചു സഭാരേഖകളില്‍ നിന്ന് പ്രസ്‌താവന മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അബ്‌ദുല്ലക്കുട്ടിയുടെയും എം.ചന്ദ്രന്റെയും വാദങ്ങള്‍ പരിശോധിച്ച ശേഷം വേണ്ടതു ചെയ്യാമെന്നു സ്‌പീക്കര്‍ ഉറപ്പു നല്‍കി.
എന്നാല്‍ ഈ ഘട്ടത്തില്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ വീണ്ടും വിഷയത്തില്‍ ഇടപെട്ടു. അബ്‌ദുല്ലക്കുട്ടിക്കൊപ്പമുണ്ടായിരുന്ന പ്രസാദ് പണിക്കരെ വ്യക്‌തിപരമായി അപമാനിക്കും വിധത്തിലായിരുന്നു കോടിയേരിയുടെ പ്രസ്‌താവന. സിപിഎമ്മിന് ഇഷ്‌ടമില്ലാത്തവര്‍ക്കു യാത്ര ചെയ്യാന്‍ പോലും കഴിയാത്ത അവസ്‌ഥയാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ആരോപിച്ചു. പിന്നീട്, ആഭ്യന്തര മന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.
Discussion about this post