കൊച്ചി: പുത്തൂര്‍ കസ്‌റ്റഡി മരണവുമായി ബന്ധപ്പെട്ടു ആഭ്യന്തര വകുപ്പിനെതിരെ ഹൈക്കോടതിയില്‍ സിബിഐ ഹര്‍ജി നല്‍കി. അന്വേഷണം സിബിഐക്കു കൈമാറിയിട്ടും കേസ് ഡയറി ഇതുവരെ ലഭിച്ചിക്കാത്ത സാഹചര്യത്തിലാണു സിബിഐ നീക്കം.
പുത്തൂര്‍ ഷീല വധക്കേസിലെ ഒന്നാം പ്രതി സമ്പത്തിന്റെ കസ്‌റ്റഡി മരണം നേരത്തെ ക്രൈംബ്രാഞ്ചാണ് അന്വേഷിച്ചത്. പിന്നീട് സമ്പത്തിന്റെ സഹോദരന്‍ മുരുകേഷിന്റെ ഹര്‍ജി പരിഗണിച്ചു കേസ് സിബിഎക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ കോടതി തള്ളി. സിബിഐ ഉദ്യോഗസ്‌ഥര്‍ ചോദിച്ചപ്പോഴൊക്കെ കേസ് ഡയറി കൊച്ചിയിലെ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിലാണെന്ന മറുപടിയാണു ലഭിച്ചത്.
പ്രതിപ്പട്ടികയുടെ പകര്‍പ്പ് ഹൈക്കോടതിയില്‍ നിന്നു സംഘടിപ്പിച്ചാണു കേസ് രജിസ്‌റ്റര്‍ ചെയ്‌തതും എഫ്‌ഐആര്‍ സമര്‍പ്പിച്ചതും. രേഖകള്‍ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി അടക്കമുളളവര്‍ക്ക് കത്തു നല്‍കിയിരുന്നു. എന്നിട്ടും ഫലമില്ലാതെ വന്നതിനെ തുടര്‍ന്നാണു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ സിബിഐ തീരുമാനിച്ചത്.
Discussion about this post