ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളെക്കുറിച്ച് ശ്രീരാമദാസ ആശ്രമം പ്രസിദ്ധീകരിച്ച ശ്രീസത്യാനന്ദവിഭൂതി എന്ന ഗ്രന്ഥത്തില്‍ നിന്ന്.
ബ്രഹ്മചാരി ബ്രഹ്മചൈതന്യ
കൃഷി പൂജയാണെന്ന ആശയം ഇന്ന് പലര്‍ക്കും അപരിചിതമായി തോന്നാം. ഈ പ്രപഞ്ചത്തിന്റെ സൂക്ഷ്മ ചലനങ്ങള്‍പോലും പൂജാ സങ്കല്പത്തില്‍ അധിഷ്ഠിതമാണെന്ന ആര്‍ഷതത്ത്വം ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളിലൂടെ കേട്ടിട്ടുള്ളവര്‍ക്ക് ഇത് അപരിചതമോ അപ്രാപ്യമോ ആയിരിക്കുകയില്ല. പാശ്ചാത്യമായ ഭൗതിക സങ്കല്പങ്ങളും ലാഭേച്ഛയുടെ കഴുകന്‍ കണ്ണുകളുമാണ് ആയിരത്താണ്ടുകളായി ഇന്നാട്ടില്‍ നിലനിന്നുപോന്ന പവിത്രവും ശാസ്ത്രീയവുമായ കാര്‍ഷിക സങ്കല്പങ്ങളെ കീഴ്‌മേല്‍ മറിച്ചത്. തെറ്റായ മാര്‍ഗ്ഗത്തിലൂടെ ഓടിക്കൊണ്ടിരിക്കുന്ന പുതുയുഗത്തെ ധര്‍മ്മപന്ഥാവിലേക്ക് പ്രത്യാനയിക്കാന്‍ സ്വാമിജി മഹായജ്ഞമായിത്തന്നെ കൃഷിപൂജയ്ക്ക് ആഹ്വാനം ചെയ്തു. ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ അവതാര ശതാബ്ദിയോടനുബന്ധിച്ച് ആശ്രമത്തിലാരംഭിച്ച ശതകോടി അര്‍ച്ചനയുടെ മുന്നോടിയായിരുന്നു കൃഷി പൂജ. ശുദ്ധമായ നിലത്തില്‍ ശുദ്ധിയോടെ ഭഗവദര്‍പ്പണമായി നെല്ല്, പച്ചക്കറി, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, പുഷ്പങ്ങള്‍ മുതലായവ കൃഷിചെയ്ത് ശതകോടി അര്‍ച്ചനയ്ക്കായി യജ്ഞവേദിയിലെത്തിക്കുക എന്നതാണ് കൃഷിപൂജയുടെ കര്‍മ്മപദ്ധതി. ‘സര്‍വ്വം ഖല്വിദം ബ്രഹ്മ’ എന്ന അദ്ധ്യാത്മാനുഭൂതി അതിന്റെ പരമ ഫലവുമാകുന്നു.
ഇക്കാണായതെല്ലാം പരമാത്മാവില്‍ നിന്ന് ഉണ്ടായതാണെന്ന് വേദാന്തം പഠിപ്പിക്കുന്നു. ജീവജാലങ്ങളുടെ ശരീരത്തിന്റെ നിലനില്പിനും വളര്‍ച്ചയ്ക്കുമാവശ്യമായ അന്നവും പരമാത്മാവില്‍ നിന്നുണ്ടായതാണ്. സ്വര്‍ണ്ണനിര്‍മ്മിതമായ മാലയും വളയുമെല്ലാം സ്വര്‍ണ്ണമായിരിക്കുന്നതുപോലെ ബ്രഹ്മത്തില്‍ നിന്നുളവായ അന്നവും പരമാത്മാവ് തന്നെയാണെന്നതിന് സംശയം വേണ്ട. അന്നം ബ്രഹ്മമാണെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ ഋഷിമാര്‍ പരമമായ ഈ ശാസ്ത്ര സത്യത്തോടൊപ്പം ഭക്ഷണവസ്തുക്കളോട് എങ്ങനെ പെരുമാറണമെന്ന തത്ത്വശാസ്ത്രവും കൂടിയാണ് ഉപദേശിച്ചിരിക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെ ഉല്പാദനം, സംഭരണം, വിതരണം എന്നിവയുടെ ആര്‍ഷമായ തത്ത്വശാസ്ത്രവും ഇതില്‍ ദര്‍ശിക്കാം. ‘അന്നം ന നിന്ദ്യാത്’, ‘അന്നബഹുകൂര്‍വീത’ തുടങ്ങിയ ആര്‍ഷ വചനങ്ങള്‍ വിരല്‍ ചൂണ്ടുന്നതും അതിലേക്കാകുന്നു.
പക്ഷേ ഏതിനേയും ഉപഭോഗവസ്തുവും ചൂഷണോപകരണവുമായി കാണുന്ന പാശ്ചാത്യ പരിഷ്‌കൃതിയുടെ അതിപ്രസരംമൂലം അന്നത്തിന്റെ ഈശ്വരീയത ഭാരതീയര്‍ മറന്നു. അന്നത്തിനെ നിന്ദിക്കരുതെന്ന് ആചാര്യന്മാര്‍ ഉപദേശിച്ചെങ്കിലും ഉല്പാദനം, സംഭരണം, വിതരണം, ആസ്വാദനം എന്നീ ഭിന്ന ഘട്ടങ്ങളിലെല്ലാം അന്നത്തെ അവമതിക്കാനുള്ള പ്രവണത സാര്‍വത്രികമായി പടര്‍ന്നു പിടിച്ചു.
സമൂഹത്തെ അപകടത്തിലാക്കുന്ന ഇത്തരം പ്രവണതകള്‍ക്കു വിരാമമിടാനും ആര്‍ഷഭാരതത്തിന്റെ ജീവിത തത്ത്വശാസ്ത്രം ജനങ്ങളെ പഠിപ്പിക്കുവാനും അതിലൂടെ കെട്ടുറപ്പും വിശുദ്ധിയുമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാനുമാണ് ശതകോടി അര്‍ച്ചനയുടെ മുന്നോടിയായി ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍ കൃഷിപൂജാ മഹായജ്ഞത്തിന് തുടക്കം കുറിച്ചത്. അര്‍ച്ചന ആരംഭിക്കുന്നതിന് ഒരു വര്‍ഷം മുമ്പുതന്നെ ഈ മഹായജ്ഞത്തിന്റെ നിര്‍വ്വഹണ വിധികള്‍ സ്വാമിജി ഭക്തജനങ്ങളെ പഠിപ്പിച്ചു. ബാല്യം മുതല്‍ പൂജാസങ്കല്പത്തോടെ കൃഷികര്‍മ്മങ്ങളില്‍ വ്യാപരിക്കുന്ന സംയമിയാണ് സ്വാമിജിയെന്ന് സമപ്രായക്കാരായ പല സുഹൃത്തുക്കള്‍ക്കും അദ്ധ്യാത്മചിന്തയുള്ള നാട്ടുകാര്‍ക്ക് അറിയാമായിരുന്നു. എങ്കിലും ആ തപശ്ചര്യയുടെ ശരിയായ രൂപം ഗ്രഹിക്കുന്നവര്‍ ചുരുക്കമാണ്. ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ ശിക്ഷ്യനായി ആശ്രമത്തിലെത്തിയപ്പോള്‍ ഈ ഉപാസനാപദ്ധതി പൂര്‍വ്വാധികം തെളിവുറ്റതായിത്തീര്‍ന്നു. സമീപസ്ഥരായ യുവാക്കളിലും ആശ്രമ ബന്ധുക്കളിലും ഈ മനോവൃത്തി വളര്‍ത്തിയെടുക്കാന്‍വേണ്ടി അവരെ സംഘടിപ്പിച്ച് അദ്ദേഹം കൃഷികര്‍മ്മങ്ങള്‍ ചെയ്തു. അതുമായി ബന്ധപ്പെട്ട അനേകം അനുഭവങ്ങള്‍ സമീപവാസികള്‍ക്കും വിദൂരങ്ങളില്‍ നിന്ന് ആശ്രമത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്കും പറയാനുണ്ട്. കൃഷിപൂജാ മഹായജ്ഞത്തിന്റെ വിധികള്‍ സ്വാമിജി പ്രഖ്യാപിക്കുമ്പോഴാണ് ഗതകാലാനുഭവങ്ങളുടെ സാംഗത്യം പലരും തിരിച്ചറിയുന്നത്.
അതിരാവിലെ കുളിച്ച് ശുദ്ധിയായി പൂജചെയ്ത് ഈശ്വരാര്‍പ്പിതമായ മനസ്സിന്റെ സങ്കല്പ ശക്തിയാല്‍ ഈശ്വരന്റേതെന്ന് തിരിച്ചറിയുന്ന കരങ്ങള്‍കൊണ്ട് ഈശ്വരീയ ഭാവന നിറച്ച പണിയായുധങ്ങളാല്‍ ഈശ്വരാര്‍പ്പിതമായ മണ്ണില്‍ നിലവിളക്ക് കൊളുത്തി നാളികേരം ഉടച്ച് യജ്ഞസങ്കല്പത്തോടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി നാമമന്ത്രങ്ങളോടെ കാലേകൂട്ടി സംഭരിച്ചു വച്ചിരുന്ന പവിത്രമായ വിത്തിറക്കി ജൈവവളങ്ങളും വെള്ളവും പകര്‍ന്ന് ഈശ്വരഭാവനയോടെ നിത്യവും ശുശ്രൂഷകള്‍ ചെയ്ത് വിളയിച്ചെടുക്കുന്ന ഫലങ്ങള്‍ നാമമന്ത്രജപത്തോടെ സംഭരിച്ച് ഭക്തിസാന്ദ്രമായ ഘോഷയാത്രയായി ശതകോടി അര്‍ച്ചന നടത്തുന്ന യാഗശാലയില്‍ സമഭാവന തിങ്ങുന്ന ഐകമത്യത്തോടെ കൊണ്ടുവരുന്നതാണ് കൃഷിപൂജയുടെ കര്‍മ്മകാണ്ഡം. കര്‍ഷകന്റെയും സമീപസ്ഥരുടെയും മനസ്സിന്റെ സങ്കല്പങ്ങള്‍ വിളവിന്റെ വിശുദ്ധിയെ നിര്‍ണ്ണയിക്കുന്നു. അതിനാല്‍ ഇങ്ങനെ വിളയിച്ചെടുത്ത വിഭവങ്ങളാണ് ശരീരമനോബുദ്ധികള്‍ക്കും സമൂഹത്തിനാകമാനവും ശാന്തിയും സന്തോഷവും ആരോഗ്യവും പകരുന്നത്. ഇതിനെല്ലാം വേണ്ടുന്ന കീര്‍ത്തനങ്ങള്‍, ഗാനങ്ങള്‍ മുതലായവയും സ്വാമിജി എഴുതി സംഗീതം പകര്‍ന്നു തന്നിട്ടുണ്ട്.
ഭക്ഷണവസ്തുക്കളുടെ സംഭരണവും വിതരണവും ആസ്വാദനവും നിര്‍വഹിക്കേണ്ടത് ഈ വിധമാണ്. വിഷയമായ കീടനാശിനികളോ ലാഭക്കൊതിയുടെ സങ്കല്പങ്ങളോ അവിടെ കടന്നുകയറിക്കൂടാ. ഈ ഭൂമിയിലുണ്ടാകുന്ന എല്ലാ പദാര്‍ത്ഥങ്ങളും സമസ്തജീവരാശിക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. കപട തന്ത്രങ്ങളും നിയമങ്ങളുമുപയോഗിച്ച് ആരും അത് കയ്യടക്കിക്കൂടാ. അന്നത്തിന്റെ തുല്യമായ വിതരണവും ആസ്വാദനവും നടക്കുന്നിടത്താണ് ഈശ്വരന്‍ കുടികൊള്ളുന്നത്. ആഗോള കുത്തകകളും ആയുധ ശക്തികളും ഭക്ഷ്യവസ്തുക്കള്‍ അപഹരിച്ച് പൂഴ്ത്തിവച്ച് ബഹുഭൂരിപക്ഷം വരുന്ന മനുഷ്യരെ പട്ടിണിക്കിട്ട് കൊല്ലുന്ന ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ കൃഷിപൂജാ മഹായജ്ഞത്തിന് വലിയ പ്രസക്തിയുണ്ട്. മറ്റേതൊരു യജ്ഞവുംപോലെ ആദ്ധ്യാത്മികവും ഭൗതികവുമായ തലങ്ങളില്‍ ഒരുപോലെ വ്യാപ്തിയുള്ള യജ്ഞമാണിത്. ഈ നാടിന്റെ കാര്‍ഷിക പദ്ധതികളില്‍ ഈ യജ്ഞഭാവനയ്ക്ക് സ്ഥാനം നല്‍കാന്‍ ശ്രമിക്കേണ്ടത് നമ്മുടെ കടമയാകുന്നു.
Discussion about this post