ശബരിമല: വ്രതശുദ്ധിയോടെ ഇരുമുടികെട്ടി പതിനെട്ടാം പടി ചവിട്ടി അയ്യനെ തൊഴുത് രാഷ്ട്രപതി ദ്രൗപദി മുര്‍മു. സന്നിധാനത്ത് എത്തിയ പ്രഥമ വനിതയെ ആചാരനുഷ്ഠനാങ്ങളോടെ കണ്ഠര് മഹേഷ് മോഹനരര് പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിച്ചു.
ഇരുമുടികെട്ട് നടയില്‍ സമര്‍പ്പിച്ച രാഷ്ട്രപതി ഏറെ നേരം തൊഴുകൈയോടെ അയ്യനെ കണ്‍കുളിര്‍ക്കെ കണ്ടു. മേല്‍ശാന്തിയില്‍ നിന്നും പ്രസാദവും സ്വീകരിച്ചാണ് രാഷ്ട്രപതി ദര്‍ശനം പൂര്‍ത്തിയാക്കിയത്.
ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കിയ രാഷ്ട്രപതി ദേവസ്വം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങി. രാഷ്ട്രപതിക്കുള്ള ഉച്ചഭക്ഷണവും സന്നിധാനത്താണ് ഒരുക്കിയിട്ടുണ്ട്. ഏറെ നാളായി അയ്യപ്പ ദര്‍ശനം രാഷ്ട്രപതി ആഗ്രഹിച്ചിരുന്നു. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ അത് നീണ്ടു പോകുകയായിരുന്നു.
പമ്പ ഗണപതി ക്ഷേത്രത്തില്‍ നിന്നുമാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു കെട്ടു നിറച്ചത്. ശരണമന്ത്രങ്ങളുടെ അകമ്പടിയോടെയായിരുന്നു കെട്ടുനിറ. പൂര്‍ണ്ണമായും ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചാണ് പ്രഥമ വനിത അയ്യനെ കാണാന്‍ എത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരും രാഷ്ട്രപതിക്കൊപ്പം പമ്പ ഗണപതി ക്ഷേത്രത്തില്‍ നിന്നുമാണ് കെട്ടുനിറച്ചത്.