കൊട്ടിയൂര്‍: അതിവിശിഷ്ടമായ ദേവതാ സങ്കല്പങ്ങളും സ്വാമി സത്യാനന്ദ ഗുരുപീഠവും സ്ഥിതിചെയ്യുന്ന കൊട്ടിയൂരിലെ പാലുകാച്ചിമല അനതിവിദൂര ഭാവിയില്‍ തീര്‍ത്ഥാടന കേന്ദ്രമായി പരിണമിക്കുമെന്ന് തിരുവനന്തപുരം ചേങ്കോട്ടുകോണം ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പറഞ്ഞു. കൊട്ടിയൂര്‍ ഗണേശ സേവാസമിതി സംഘടിപ്പിച്ച ഗണേശോത്സവത്തിന്റെ ഭാഗമായ ഹിന്ദു മഹാസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു സ്വാമിജി.
കേരള ആദ്ധ്യാത്മിക പ്രഭാഷകസമിതി ജനറല്‍ സെക്രട്ടറി പി.എസ്.മോഹനന്‍ കൊട്ടിയൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗണേശസേവാസമിതി രക്ഷാധികാരി ടി.എസ്. സുനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സ്വാമി ശിവ സച്ചിദാനന്ദ സരസ്വതി, ഓബ്ര, യൂപി, ജ്യോതിക്ഷേത്ര നിര്‍മ്മാണസമിതി അധ്യക്ഷന്‍ വി.ആര്‍.രാജശേഖരന്‍ നായര്‍, കൊട്ടിയൂര്‍ പെരുമാള്‍ സേവാസംഘം ഉപാദ്ധ്യക്ഷന്‍ പി.ആര്‍. ലാലു, കെ. ജയമോഹന്‍ ആജ്ഞനേയ സേവാ ട്രസ്റ്റ്-തല ശ്ശേരി, റിജിന്‍ ചക്കരക്കല്‍, ഗണേശ സേവാസമിതി കണ്‍വീനര്‍ ഷിബു മാധവന്‍, സിന്ധു ബാബു, സി.ജെ. രമണി എന്നിവരും സംസാരിച്ചു. ത്രിദിന ഗണേശോത്സവ പരിപാടികളുടെ ഭാഗമായി മഹാഗണപതി ഹോമം, ഭജന, കളരിപയറ്റ് പ്രദര്‍ശനം, നാടന്‍ പാട്ട് പ്രദര്‍ശനം, ഘോഷയാത്ര, ഗണേശ വിഗ്രഹ നിമജ്ജനം എന്നിങ്ങനെ വിവിധ പരിപാടികളും വിശേഷാല്‍ ചടങ്ങുകളും സംഘടിപ്പിക്കപ്പെട്ടു.