തിരുവനന്തപുരം: ശബരിമല സ്വര്‍ണകൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ചുമത്തിയത് അഞ്ച് വകുപ്പുകള്‍. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 403, 406, 409, 466, 477 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സ്മാര്‍ട്ട് ക്രിയേഷന്‍സിന് തട്ടിപ്പില്‍ പങ്കുണ്ടെന്നും ലക്ഷക്കണിക്കിന് വിശ്വാസികളുടെ വിശ്വാസം വ്രണപ്പെടുത്തിയെന്നും ഇയാളെ സംസ്ഥാനത്തിനു പുറത്തെത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. രണ്ടു കിലോ സ്വര്‍ണമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി കൈവശപ്പെടുത്തിയത്.
ഈ സ്വര്‍ണം വീണ്ടെടുക്കാന്‍ കസ്റ്റഡി അനിവാര്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നടപടി ആചാര ലംഘനമാണെന്നും കൂട്ടു പ്രതികളുടെ പങ്ക് അടക്കം വ്യക്തമാകേണ്ടതുണ്ടെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.
ശബരിമലയില്‍ നിന്ന് കടത്തിയ സ്വര്‍ണം സംസ്ഥാനത്തിന്റെ പുറത്തേക്ക് കൊണ്ടുപോയി. ശേഷം ദ്വാരപാലകശില്‍പങ്ങളും പാളികളും തകിടുകളും ചെന്നൈയിലും ബെംഗളൂരുവിലും കേരളത്തിലുമുള്ള പല വീടുകളിലും ക്ഷേത്രങ്ങളിയും യാതൊരു സുരക്ഷയുമില്ലാതെ എത്തിച്ച് പൂജ നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നഷ്ടമുണ്ടാക്കിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണ കൊള്ളയില്‍ സ്മാര്‍ട്ട് ക്രിയേഷന് പങ്കുണ്ട്. സ്മാര്‍ട്ട് ക്രിയേഷന്റെ സഹായത്തോടെയാണ് സ്വര്‍ണം വേര്‍തിരിച്ചതെന്നും എസ്‌ഐടി അറസ്റ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസിലെ ആദ്യ അറസ്റ്റാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടേത്.













