നെടുമ്പാശേരി: റണ്‍വേയിലും ടാക്സിയിംഗ് ബേയിലും വിമാനങ്ങള്‍ കിടക്കുന്ന ഏപ്രണിലും വരെ വെള്ളം കയറിയതിനെത്തുടര്‍ന്നു കൊച്ചി രാജ്യാന്തര വിമാനത്താവളം അടച്ചു. ഫ്ളൈറ്റ് സര്‍വീസുകള്‍ അനിശ്ചിതത്വത്തിലാണ്. ഇന്നു ഉച്ചകഴിഞ്ഞ് 3.30 വരെ വിമാനത്താവളം അടച്ചിടുന്നതായാണു സിയാലിന്റെ അറിയിപ്പ്. വെള്ളമിറങ്ങിയാലും റണ്‍വേയുടെ ശുചീകരണമുള്‍പ്പെടെയുള്ള ജോലികള്‍ പൂര്‍ത്തിയാകാന്‍ സമയമെടുക്കും. വിമാനത്താവളം അടച്ച വിവരം അറിയാതെ വന്ന യാത്രക്കാരെ അതത് എയര്‍ലൈന്‍സുകള്‍ ഹോട്ടലുകളിലേക്കു മാറ്റിയിട്ടുണ്ട്. ഇന്നലെ ഇരുപതോളം രാജ്യാന്തര ഫ്ളൈറ്റുകളും 25 ആഭ്യന്തര ഫ്ളൈറ്റുകളുമാണു മുടങ്ങിയത്.
ഇന്നലെ രാവിലെ ആറു മുതല്‍ വിമാനത്താവളത്തിലേക്കു വെള്ളം കയറിത്തുടങ്ങിയിരുന്നു. വിമാനത്താവളത്തിന്റെ കിഴക്കുവശം വന്നു മുട്ടിനില്‍ക്കുന്ന പെരിയാറിന്റെ കൈവഴിയായ ചെങ്കല്‍തോട് കരകവിഞ്ഞൊഴുകിയതാണു വെള്ളം റണ്‍വേയിലേക്കു കയറാന്‍ കാരണം. ഈ ഭാഗത്തുള്ള വിമാനത്താവളത്തിന്റെ ചുറ്റുമതിലും ഇടിഞ്ഞുവീണതോടെ വെള്ളത്തിന്റെ കുത്തൊഴുക്കു ശക്തമായി. 1999ല്‍ നെടുമ്പാശേരി വിമാനത്താവളം ആരംഭിച്ചതിനു ശേഷം ചെങ്കല്‍തോട്ടില്‍നിന്ന് ഇതുവരെ വെള്ളം കയറിയിട്ടില്ല. റണ്‍വേയുടെ ഭാഗത്ത് ഈ തോട് നികത്തിയിരുന്നു.













Discussion about this post