തൃശൂര്‍: ട്രെയിനില്‍നിന്നു വീണു പരിക്കേറ്റ കോഴിക്കോട് സ്വദേശിനിയായ ചാനല്‍ അവതാരകയുടെ നില ഗുരുതരമായി തുടരുന്നു. കോഴിക്കോട് ചേന്നല്ലൂര്‍ മാണിക്കംകണ്ടത്തില്‍ ദിവാകരന്റെ മകള്‍ ദിഷ(23)യാണു തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ റിക്കവറി ഐസിയുവില്‍ കഴിയുന്നത്. ദിഷ വെന്റിലേറ്ററിലാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
വ്യാഴാഴ്ച പുതുക്കാടിനും കൊടകരയ്ക്കുമിടയില്‍ മുരിയാട് പാമ്പാട്ടിക്കുളങ്ങര ക്ഷേത്രക്കുളത്തിനു സമീപമുള്ള റെയില്‍വേ ട്രാക്കില്‍നിന്നാണു പരിക്കുകളോടെ ദിഷയെ അബോധാവസ്ഥയില്‍ കണ്െടത്തിയത്. ആശുപത്രിയിലെത്തിക്കുമ്പോള്‍തന്നെ ഗുരുതരാവസ്ഥയിലായിരുന്നു. ആദ്യം കൊടകര ശാന്തി ആശുപത്രിയിലും തുടര്‍ന്നു വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ ജൂബിലി ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
തലയില്‍ ആന്തരിക രക്തസ്രാവമുള്ളതാണ് ഇപ്പോഴും ആശങ്ക സൃഷ്ടിക്കുന്നത്. ചാനല്‍ അവതാരകയായ ദിഷ പ്രോഗ്രാം ഷൂട്ടിംഗിനുശേഷം കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു. ട്രെയിനില്‍ കയറിയ വിവരം എറണാകുളത്തുനിന്നു ദിഷ വീട്ടിലേക്കു വിളിച്ചറിയിച്ചിരുന്നു. പ്രൈവറ്റായി എംബിഎ പഠിക്കുന്നതോടൊപ്പം ഇവന്റ് മാനേജ്മെന്റ്, ആങ്കറിംഗ് എന്നിവയും ദിഷ നടത്തിയിരുന്നുവെന്നു വീട്ടുകാര്‍ പറഞ്ഞു. പല ചാനലുകള്‍ക്കുംവേണ്ടി അവതാരകരെ ഇന്റര്‍വ്യൂ ചെയ്തു റിക്രൂട്ടിംഗ് നടത്തുകയും ചെയ്തിരുന്നു.
എങ്ങനെയാണ് അപകടമുണ്ടായതെന്ന് അറിയാന്‍ സാധിച്ചിട്ടില്ല. അപകടം സംബന്ധിച്ചു പോലീസും റെയില്‍വേയും അന്വേഷിക്കുന്നുണ്െടങ്കിലും സൂചനകള്‍ ലഭിച്ചിട്ടില്ല. ദിഷയ്ക്കു ബോധം വീണുകിട്ടിയശേഷമേ സംഭവത്തെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുകയുള്ളൂ. അപകടം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നും ദിഷയുടെ പിതാവും വിമുക്തഭടനുമായ ദിവാകരന്‍ ആവശ്യപ്പെട്ടു.
വ്യാഴാഴ്ച വൈകുന്നേരം നാലരയോടെ കൂട്ടുകാരിയെ ഫോണില്‍ വിളിച്ച ദിഷ താന്‍ ട്രെയിനിലാണെന്നും നാട്ടിലേക്കു പോവുകയാണെന്നും പറഞ്ഞിരുന്നു. വൈകിട്ട് അഞ്ചേമുക്കാലോടെ മുരിയാട് പാമ്പാട്ടിക്കുളങ്ങര ക്ഷേത്രക്കുളത്തിലേക്കു കുളിക്കാനെത്തിയ നാട്ടുകാരാണു ട്രാക്കില്‍ പരിക്കേറ്റ നിലയില്‍ ദിഷയെ കണ്െടത്തിയത്.
അന്വേഷണത്തിന്റെ ഭാഗമായി കൊടകര പോലീസ് ഇന്നലെ ദിഷ സഞ്ചരിച്ച അതേ ട്രെയിനില്‍ യാത്ര ചെയ്തു. ട്രെയിനിലെ സ്ഥിരം യാത്രക്കാരില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചു. ഇരിങ്ങാലക്കുടയ്ക്കടുത്തുവച്ച് ഒരു പെണ്‍കുട്ടി ഡോറിനടുത്തുനിന്നു ഫോണില്‍ സംസാരിക്കുന്നതു കണ്ടതായി പലരും മൊഴി നല്കിയിട്ടുണ്ട്. ഇതു ദിഷയാണെന്നാണു നിഗമനം.
മുരിയാട് പാമ്പാട്ടിക്കുളങ്ങര ഭാഗത്തു വലിയ വളവുള്ളതിനാല്‍ ഇവിടെ ട്രെയിന്‍ തിരിയുന്ന സമയത്തു വാതില്‍ ശക്തമായി വന്നിടിച്ചു ദിഷ ട്രാക്കിലേക്കു തെറിച്ചുവീഴാനുളള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. ദിഷയുടെ ബാഗടക്കമുള്ള ലഗേജുകള്‍ കണ്ണൂര്‍ സ്റേഷനില്‍നിന്നു കണ്ടെത്തിയിട്ടുണ്ട്. ഇതില്‍നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല.













Discussion about this post