മുംബൈ: ഇന്ത്യന്‍ നേവിയുടെ അന്തര്‍വാഹിനി കപ്പല്‍ ഐഎന്‍എസ് സിന്ധുരക്ഷകിന് തീപിടിച്ചുണ്ടായ അപകടത്തില്‍ കപ്പലില്‍ കുടുങ്ങി കിടക്കുകയായിരുന്ന 18 നാവികരും മരിച്ചതായി സ്ഥിരീകരിച്ചു. നാവികസേന ചീഫ് ഓഫ് സ്റ്റാഫ് അഡ്മിറല്‍ ഡി.കെ. ജോഷിയാണ് 18 പേരുടെയും മരണം സ്ഥിരീകരിച്ചതായി അറിയിച്ചത്. അട്ടിമറി സാധ്യത തള്ളിക്കളയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
അപകടം നടന്ന് 15 മണിക്കൂറുകള്‍ക്ക് ശേഷം ഇന്ന് വൈകിട്ട് 3.30 ഓട് കൂടി മാത്രമാണ് മുങ്ങല്‍ വിദഗ്ധര്‍ക്ക് പൂര്‍ണമായും കടലില്‍ മുങ്ങിപോയ അന്തര്‍വാഹിനിയുടെ ഉള്ളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി പ്രവേശിക്കാന്‍ സാധിച്ചത്. ഇവര്‍ നടത്തിയ തെരച്ചിലിലാണ് 15 നാവികരും മൂന്ന് ഓഫീസര്‍മാരുമുള്‍പ്പെടെ 18 പേരുടെ മരണം സ്ഥിരീകരിച്ചത്.
കപ്പലില്‍ സ്ഫോടനമുണ്ടായ സമയത്ത് കപ്പലിന്‍റെ പുറത്തുണ്ടായിരുന്ന മൂന്നു നാവികര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. തീപിടുത്തത്തിന്‍റെ യഥാര്‍ത്ഥ കാരണം ഇപ്പോള്‍ വ്യക്തമല്ലെങ്കിലും കപ്പലില്‍ ആദ്യമുണ്ടായ ചെറു സ്ഫോടനം വലിയ സ്ഫോടനത്തിന് വഴിവെയ്ക്കുകയായിരുന്നുവെന്ന് അഡ്മിറല്‍ ഡി.കെ. ജോഷി പറഞ്ഞു. അഡ്മിറല്‍ ഡി.കെ. ജോഷിക്കൊപ്പം പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി സംഭവ സ്ഥലം സന്ദര്‍ശിച്ചു.
മിസൈലുകളും ടോര്‍പിഡോകളും ഉള്‍പ്പെടെയുള്ള അത്യാധുനിക യുദ്ധ സന്നാഹങ്ങള്‍ കപ്പലില്‍ ഉണ്ടായിരുന്നു. ഏതെങ്കി ലും യുദ്ധോപകരണങ്ങള്‍ പൊട്ടിത്തെറിച്ചതാകാം അപകടത്തിന് കാരണമായതെന്ന അഭിപ്രായം നേവി അധികൃതര്‍ പറയുന്നുണ്ട്. അട്ടിമറി സാധ്യതയും തള്ളിക്കളയാനാവില്ല. സ്ഫോടനത്തെ തുടര്‍ന്ന് അന്തര്‍വാഹിനിക്ക് സമീപമുണ്ടായിരുന്ന മറ്റ് ചില ബോട്ടുകള്‍ക്കും തീപിടുത്തം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെ തുടര്‍ന്ന് ഐഎന്‍എസ് സിന്ധുരത്‌ന അപകടസ്ഥലത്ത് നിന്നും മാറ്റി.
അതേസമയം സംഭവത്തെക്കുറിച്ച് നേവി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാലാഴ്ച്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നും നേവി അറിയിച്ചു.
Discussion about this post