ആലപ്പുഴ: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉള്‍പ്പെടാത്ത ജുഡീഷല്‍ അന്വേഷണം പ്രഹസനമാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ പിടിക്കപ്പെടുമെന്ന അവസ്ഥ വന്നപ്പോള്‍ തന്റെപേരില്‍ ആക്ഷേപമില്ലെന്നു പറഞ്ഞ് ഒഴിഞ്ഞു മാറാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടവര്‍ക്കെല്ലാം സംരക്ഷണം മുഖ്യമന്ത്രിയുടെ ഓഫീസാണു നല്കിയതെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് ഇടതുമുന്നണി നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധസമരം പരാജയമാണെന്നു പ്രചരിപ്പിക്കുന്നതു ബിജെപിക്കാരാണ്. ഒത്തുതീര്‍പ്പ് ഉണ്ടാക്കാനായിരുന്നുവെങ്കില്‍ സമരത്തിന് ഇത്രയും മുന്നൊരുക്കങ്ങള്‍ നടത്തേണ്ട കാര്യമില്ലായിരുന്നു. സര്‍ക്കാര്‍ സമരത്തെ ഇത്രയും ഭയപ്പെടുകയുമില്ലായിരുന്നു.
ഒത്തുതീര്‍പ്പില്‍ ഒത്തുകളിയെന്നാണു ബിജെപി ആരോപണം. കേരളത്തിലെ ഏറ്റവും വലിയ ഒത്തുകളിക്കാരാണ് ബിജെപിക്കാര്‍. വോട്ടുനല്കി പണം വാങ്ങുന്ന പാരമ്പര്യമാണ് അവര്‍ക്കുള്ളതെന്നും പിണറായി വിജയന്‍ പറഞ്ഞു. പി. കൃഷ്ണപിള്ളയുടെ 65-ാമത് അനുസ്മരണസമ്മേളനം വലിയചുടുകാട്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. സിപിഎം ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു.













Discussion about this post