ഇന്ന് ശ്രീകൃഷ്ണജയന്തിയാണ്. ഈ മഹത്തായ ദിനം ഭാരതത്തില്‍മാത്രമല്ല ലോകമെമ്പാടും ആഘോഷിക്കും. കൃഷ്ണദര്‍ശനത്തെ മറന്നുകൊണ്ട് ആഘോഷങ്ങളിലേക്ക് മാത്രം പോകുമ്പോള്‍ നഷ്ടപ്പെടുന്നത് ജീവിതത്തിന്റെ സമഗ്രവികാസത്തിനായി മാനവകുലത്തിന് നല്‍കിയ കൃഷ്ണന്റെ ജീവിത മാതൃകയാണ്. കാരാഗൃഹത്തില്‍ പിറന്നുവീഴുകയും ഒരു വേടന്റെ അമ്പില്‍ ജീവിതം അവസാനിക്കുകയും ചെയ്ത കൃഷ്ണന്‍ ഈ രണ്ട് മുഹൂര്‍ത്തങ്ങള്‍ക്കിടയില്‍ മനുഷ്യരാശിക്കു നല്‍കിയ മഹത്തായ മാതൃകകളും ദര്‍ശനങ്ങളുമുണ്ട്.
അര്‍ജ്ജുനനെ കുരുക്ഷേത്ര യുദ്ധഭൂമിയില്‍ ധീരമാനസനാക്കിയ ശ്രീകൃഷ്ണന്റെ വാക്കുകളാണ് ഗീതോപദേശമായി ലോകം നെഞ്ചോടുചേര്‍ക്കുന്നത്. മനുഷ്യന്റെ ജീവിതാവസ്ഥകളിലെ പരാജയബോധത്തെയും പ്രതിസന്ധികളെയും എങ്ങനെ മറികടക്കണമെന്ന് ഭഗവത്ഗീത പറഞ്ഞുതരുന്നു. ദൈനംദിന ജീവിതത്തിലെ സഞ്ചാരപഥങ്ങളില്‍ വെളിച്ചം നല്‍കുന്ന മഹത്തായ വാക്കുകളാണ് കൃഷ്ണന്റേത്. ധര്‍മ്മത്തെ ശ്രീകൃഷ്ണന്‍ വ്യാഖ്യാനിക്കുമ്പോള്‍ അത് അന്നുവരെ കേള്‍ക്കാത്ത പുതിയ ശബ്ദമായിരുന്നു. അധര്‍മ്മത്തിനെതിരെ യുദ്ധംചെയ്യുന്നതാണ് യുദ്ധംചെയ്യാതിരിക്കുന്നതിനെക്കാള്‍ ധര്‍മ്മമെന്ന് കൃഷ്ണന്‍ പഠിപ്പിച്ചു.
രാധാമാധവ സങ്കല്പംപോലെ പ്രണയത്തിന്റെ മധുരമായ ഒരു ഏട് ലോകത്ത് എങ്ങുമില്ല. കൃഷ്ണന് പതിനായിരത്തിയെട്ട് ഭാര്യമാരെന്നാണ് പറയുന്നത്. ഗോപികമാരോടൊത്ത് കളിച്ച് രസിച്ച് പുല്ലാങ്കുഴലൂതിയും ആടിനെമേച്ചും നടക്കുന്ന മധുരമനോഹരമായ ഒരു സങ്കല്പം ശ്രീകൃഷ്ണനുമായി ചേര്‍ത്തല്ലാതെ നമുക്ക് കാണാനാകില്ല. അതാകാം കൃഷ്ണന് പതിനാറായിരത്തെട്ട് ഭാര്യമാരുണ്ടെന്ന ഏതോ കവിയുടെ കല്പനയില്‍ വിരിഞ്ഞത്. ഈ സങ്കല്പചിത്രമാണ് നാളെ ശ്രീകൃഷ്ണജയന്തിയില്‍ ഗോപികമാരുടെയും ശ്രീകൃഷ്ണന്റെയും വേഷംധരിച്ച് കുട്ടികള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നതിലൂടെ നമുക്ക് ആഹ്ലാദത്തിന്റെ വര്‍ണ്ണക്കൂട്ടുകള്‍ സമ്മാനിക്കുന്നത്.
ജീവിതത്തെ ആഘോഷമാക്കുമ്പോഴും ധര്‍മ്മനിരതമായ മാര്‍ഗ്ഗം കൈവെടിയരുതെന്നാണ് കൃഷ്ണന്‍ ഉദ്‌ബോധിപ്പിക്കുന്നത്. വേണമെങ്കില്‍ കൃഷ്ണന്‍ വിചാരിച്ചാല്‍ കുരുക്ഷേത്ര യുദ്ധം ഒഴിവാക്കാമായിരുന്നു. പക്ഷേ ഭാവിയില്‍ വരാനിരിക്കുന്ന മഹായുദ്ധങ്ങള്‍ ഒഴിവാക്കാന്‍ കുരുക്ഷേത്രയുദ്ധം അനിവാര്യമായിരുന്നു. യുദ്ധത്തിന്റെ അവസാനം ആര് എന്തുനേടി എന്ന ചോദ്യത്തിന് ആരും ഒന്നും നേടിയില്ല എന്നാണു ഉത്തരം. മകന്‍ നഷ്ടപ്പെട്ട അമ്മ. ഭര്‍ത്താവുനഷ്ടപ്പെട്ട ഭാര്യ. അച്ഛന്‍ നഷ്ടപ്പെട്ട മക്കള്‍. സഹോദരന്‍ നഷ്ടപ്പെട്ട സഹോദരി. പരസ്പരം പോരടിച്ച് വംശനാശത്തിന്റെ ഇരുണ്ട ഭൂമിയിലേക്ക് യാത്രയാവുകയായിരുന്നു ഒരു കുലത്തില്‍പ്പെട്ട ഇരുചേരികള്‍. അവിടെ അലമുറയിടുന്ന അമ്മമാര്‍ക്കും ഭാര്യമാര്‍ക്കും മക്കള്‍ക്കും സഹോദരിമാര്‍ക്കും മുന്നില്‍ കൃഷ്ണന്‍ പുഞ്ചിരിച്ചുനിന്നതേയുള്ളൂ. ഒടുവില്‍ ശാപമേറ്റുവാങ്ങാനായിരുന്നു കൃഷ്ണന്റെ വിധി.
അവതാരപുരുഷനായിട്ടും ശാപഗ്രസ്ഥനായിതീര്‍ന്ന കൃഷ്ണന്‍ നമ്മോട് ഒരുപാട് കാര്യങ്ങള്‍ സംവദിക്കുന്നു. യുദ്ധം എന്നത് പുറമേ മാത്രമല്ല അത് ഉള്ളിലും എപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. അവിടെ ധര്‍മ്മാധര്‍മ്മങ്ങള്‍ വേര്‍തിരിച്ചറിയുക എന്നതാണ് കുരുക്ഷേത്രയുദ്ധം മനുഷ്യരാശിക്കു നല്‍കുന്ന പാഠം.
കൃഷ്ണലീലയിലൂടെ ജീവിതത്തെ ധര്‍മ്മമാര്‍ഗ്ഗത്തിലേക്ക് എങ്ങനെ നയിക്കാമെന്ന് പുതിയതലമുറയെ പഠിപ്പിക്കുന്നതിനുള്ള ഉപാധികൂടിയായി ശ്രീകൃഷ്ണജയന്തിയെ മാറ്റുമ്പോഴാണ് ആ ആഘോഷത്തിന് അര്‍ത്ഥമുണ്ടാകുന്നത്.
Discussion about this post