തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ 19 ല്‍ പരം സേവനങ്ങള്‍ക്കായി ഇതി ഓഫീസിലോ മൈതാനത്തോ കാത്തുനില്‍ക്കേണ്ടതില്ല. മൊബൈല്‍ ഫോണോ മൗസോ ഒന്നു ക്ലിക്ക് ചെയ്യേണ്ട താമസം. വിവരങ്ങള്‍ എസ്.എം.എസ്. ആയും ഇ-മെയിലിലൂടെയം അപേക്ഷകന്റെ വിരല്‍ത്തുമ്പിലെത്തും.
പുതുതായി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉടമയ്ക്ക് എസ്.എം.എസ്., മെയില്‍ വഴി നല്‍കുന്നതിന് ഇന്നലെ തുടക്കം കുറിച്ചു. പി.ആര്‍.ചേംബറില്‍ നടന്ന ചടങ്ങില്‍ ലാപ്പ്‌ടോപ്പ് ബട്ടണ്‍ അമര്‍ത്തി ഗതാഗത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് നൂതന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഇന്‍ഫോമാറ്റിക്‌സ് ഓഫീസര്‍ ഡോ.എസ്.രാമന്‍, ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സെയ്ദ് മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു. പുതിയ സംവിധാനം നടപ്പിലാക്കുന്നതോടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ഓഫിസില്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് വാഹന ഉടമയ്ക്ക് നമ്പര്‍ ലഭ്യമാക്കുന്നു. മൊബൈല്‍ നമ്പര്‍/ ഇ-മെയില്‍ വിലാസം നല്‍കിയശേഷം വാഹന ഉടമയ്ക്ക് നടപടികള്‍ പൂര്‍ത്തിയാവുന്നതു വരെ കാത്തു നില്‍ക്കേണ്ടതില്ല. ഇതിനു പുറമെ ഓണ്‍ലൈനായി ആര്‍.ടി.ഒ. ഓഫീസുകളിലേക്ക് സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ ട്രാന്‍സാക്ഷന്‍ ഐ.ഡി. നമ്പര്‍, ഇന്‍വേഡ് നമ്പര്‍ എന്നിവ ഉടന്‍ ലഭിക്കും. ഇ-പെയ്‌മെന്റ് വഴി നടത്തുമ്പോള്‍ പണം സ്വീകരിച്ചതായും, തുക, ബാങ്ക് റഫറന്‍സ് നമ്പര്‍ എന്നിവയും അറിയാം. ഓഫീസുകളില്‍ നിന്നും രേഖകള്‍ അപേക്ഷകന് അയയ്ക്കുമ്പോള്‍ തീയതിയും സ്പീഡ് പോസ്റ്റ് നമ്പരും അറിയിക്കുന്നു. സമയത്തിന് രേഖകള്‍ തപാലില്‍ ലഭിച്ചില്ലെങ്കില്‍ നമ്പരുമായി അപേക്ഷകന് തപാലാഫീസില്‍ ബന്ധപ്പെടാനും ഇതു സഹായകമാവും. രണ്ടാഴ്ചയ്ക്കകം സേവനങ്ങള്‍ നടപ്പില്‍ വരും.













Discussion about this post