ഹരിപ്പാട്: ഐഎന്‍എസ് സിന്ധുരക്ഷക് എന്ന അന്തര്‍വാഹിനി ദുരന്തത്തില്‍ മരിച്ച മലയാളി നാവികന് ജന്മനാടിന്റെ അന്ത്യാഞ്ജലി. ഇന്നലെ പുലര്‍ച്ചെ ആറോടെ തിരുവനന്തപുരം നാവിക ആസ്ഥാനത്തെത്തിച്ച പള്ളിപ്പാട് നീണ്ടൂര്‍ വഴുതാനം കോയിത്തറ വീട്ടില്‍ വിശ്വംഭരന്‍-സുജാത ദമ്പതികളുടെ മകന്‍ വിഷ്ണുവിന്റെ (21) മൃതദേഹം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സംഘം ഏറ്റുവാങ്ങി. ചെങ്ങന്നൂര്‍ ആര്‍ഡിഒ ടി.ആര്‍. അസാദിന്റെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥസംഘം മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. പതിനൊന്നരയോടെ നാട്ടിലെത്തിച്ച മൃതദേഹം വിഷ്ണു പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വഴുതാനം യുപിഎസില്‍ പൊതുദര്‍ശനത്തിനു വച്ചു.
ഉച്ചകഴിഞ്ഞു രണേ്ടാടെ പൂര്‍ണ്ണഔദ്യോഗിക ബഹുമതികളോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. വിഷ്ണുവിന്റെ ഏകസഹോദരന്‍ വിനായകനാണു ചിതയ്ക്കു തീകൊളുത്തിയത്.
കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍, ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്, ആര്‍. രാജേഷ് എംഎല്‍എ, പി.സി. വിഷ്ണുനാഥ് എംഎല്‍എ, കളക്ടര്‍ എന്‍. പത്മകുമാര്‍, തഹസില്‍ദാര്‍ ബി. ദാമോദരന്‍ പോറ്റി, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍, ത്രിതല പഞ്ചായത്ത് അധികൃതര്‍ എന്നിവരും അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. നേവി ഉദ്യോഗസ്ഥരായ ആര്‍.കെ. മുകേഷ് കുമാര്‍, വര്‍ഗീസ്, തുഷാര്‍, റാനഡി എന്നിവരുടെ നേതൃത്വത്തില്‍ 45ഓളം നേവല്‍ ഉദ്യോഗസ്ഥരും മൃതദേഹത്തോടൊപ്പമുണ്ടായിരുന്നു. ഗാര്‍ഡ് ഓഫ് ഓണറും നടന്നു.
ഈ മാസം 14നായിരുന്നു നാടിനെ ഞെട്ടിച്ച മുങ്ങിക്കപ്പല്‍ ദുരന്തമുണ്ടായത്. വിഷ്ണു അപകടത്തില്‍പ്പെട്ടതായി അറിയിച്ചതിനെത്തുടര്‍ന്ന് പിതാവ് വിശ്വംഭരനും ബന്ധുവും മുംബൈയിലെത്തിയിരുന്നു. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്തവിധമായതിനാല്‍ ഡിഎന്‍എ ടെസ്റ്റ് അടക്കമുള്ള ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് വിഷ്ണുവിന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 18 പേര്‍ മരിച്ച ദുരന്തത്തില്‍ നാലുപേര്‍ മലയാളികളായിരുന്നു.













Discussion about this post