തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി സംബന്ധിച്ച് തയ്യാറാക്കിയ പാരിസ്ഥിതിക പഠന റിപ്പോര്‍ട്ട് പുതുക്കി സമര്‍പ്പിച്ചതായി ഫിഷറീസ് തുറമുഖ മന്ത്രി കെ.ബാബു അറിയിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനാണ് നാലായിരം പേജുളള പുതുക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഇതോടുകൂടി വിഴിഞ്ഞം പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ടുളള എല്ലാ നടപടികളും പൂര്‍ത്തിയായതായി മന്ത്രി കെ.ബാബു അറിയിച്ചു.
ഒന്നര വര്‍ഷത്തെ പരിസ്ഥിതി പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം 2013 ജൂണ്‍ 29 ന് വിഴിഞ്ഞത്ത് സംഘടിപ്പിച്ച തെളിവെടുപ്പില്‍ 700 ഓളം പേര്‍ പങ്കെടുത്തു. സാങ്കേതിക സ്വഭാവമുളളതുള്‍പ്പെടെ 236 നിവേദനങ്ങള്‍ തെളിവെടുപ്പിന്റെ ഭാഗമായി പരിസ്ഥിതി മന്ത്രാലയത്തിന് ലഭിച്ചിരുന്നു. ഈ നിവേദനങ്ങളും നിര്‍ദ്ദേശങ്ങളുമെല്ലാം പരിഗണിച്ച് അവയെ അഞ്ച് വിഭാഗങ്ങളായി തിരിച്ചാണ് പുതുക്കിയ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. നിവേദനങ്ങളില്‍ സാങ്കേതിക സ്വഭാവമുളളവയും ഉണ്ടായിരുന്നതിനാലാണ് പുതുക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ രണ്ട് മാസത്തെ കാലതാമസമുണ്ടായത്. എല്ലാ വിധത്തിലുമുളള വസ്തുതകളും അഭിപ്രായങ്ങളും നിവേദനങ്ങളും അവയുടേതായ ഗൗരവത്തോടുകൂടി പരിഗണിച്ചാണ് പുതുക്കിയ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് ലഭിച്ച് 105 ദിവസത്തിനുളളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇതിന്മേല്‍ അന്തിമ തീരുമാനമെടുക്കണമെന്നാണ് ചട്ടം. ഇത് പ്രകാരം അടുത്തു തന്നെ നടക്കുന്ന 15 അംഗ എക്‌സ്‌പേര്‍ട്ട് അപ്രൈസല്‍ കമ്മിറ്റി യോഗത്തില്‍ പദ്ധതിയുടെ അന്തിമ അനുമതി സംബന്ധിച്ച അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായും മന്ത്രി കെ.ബാബു അറിയിച്ചു.













Discussion about this post