തിരുവനന്തപുരം: കെ.എസ്.ടി.പി. രണ്ടാംഘട്ട നിര്‍മ്മാണം തുടങ്ങുന്നതിന് മുമ്പ് പൊതുസമൂഹത്തിന്റെ അഭിപ്രായങ്ങള്‍ തേടുമെന്ന് മന്ത്രി വി.കെ.ഇബ്രഹിം കുഞ്ഞ് പറഞ്ഞു. കെ.എസ്.ടി.പി. നടത്തുന്ന റോഡ് യൂസര്‍ പെര്‍സ്പ്ഷന്‍ സര്‍വ്വേയുടെ ഔദ്യോഗിക പ്രഖ്യാപനവും ലോഗോ പ്രകാശനവും നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. എട്ട് ജില്ലകളിലെ ജനങ്ങള്‍ക്ക് നേരിട്ട് പ്രയോജനം ചെയ്യുന്ന 363 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറ് റോഡുകളാണ് പദ്ധതിയിലുള്‍പ്പെടുന്നത്. 2,403 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അനുവദിച്ച തുകയ്ക്ക് കൂടുതല്‍ റോഡുകള്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.ടി.പി. രണ്ടാംഘട്ടത്തിലെ റോഡുകളുടെ നിലവിലുള്ള ജനകീയ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിന് സംസ്ഥാനതലത്തിലും പ്രാദേശികതലത്തിലും ജനനേതാക്കള്‍, പോലീസ്, മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ യൂണിയന്‍ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍, വ്യാപാരികള്‍ എന്‍.ജി.ഒ., ട്രേഡ് യൂണിയന്‍ നേതാക്കള്‍ മറ്റ് പ്രധാന വ്യക്തികള്‍ എന്നിവരുമായി സമ്പര്‍ക്കം പുലര്‍ത്തി പ്രാഥമിക പഠനം നടത്തും. ജനുവരി 31 ന് സര്‍വ്വേ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രധാനമായും റോഡ് നിര്‍മ്മാണം റോഡ് സുരക്ഷ അപകട സാധ്യത എന്നിവയെ കുറിച്ച് പഠിക്കുന്നതിനോടൊപ്പം കാല്‍നട യാത്രക്കാര്‍ക്കും സ്ത്രീകള്‍ക്കുമുള്ള സൗകര്യങ്ങളും സുരക്ഷയും സര്‍വ്വേ ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി വാഹന ഉപയോക്താക്കള്‍, ഡ്രൈവര്‍മാര്‍, വാഹന ഉടമകള്‍ എന്നിവരുടെ അഭിപ്രായം സ്വരൂപിക്കുന്നതിന് പ്രൈമറി റോഡ് യൂസര്‍ സര്‍വ്വേയും, സ്ത്രീകള്‍, വിദ്യാര്‍ത്ഥികള്‍, കൃഷിക്കാര്‍, വ്യാപാരികള്‍ തുടങ്ങിയ റോഡ് ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ ആരായുന്നതിന് സെക്കന്‍ഡറി റോഡ് യൂസര്‍ സര്‍വ്വേയും നടത്തും. റോഡ് വികസനവും ഇതുമായി ബന്ധപ്പെട്ട സാമൂഹിക വിഷയങ്ങളും ആനുകാലിക സാഹചര്യങ്ങളും വിലയിരുത്തുന്നതിന് പ്രദേശിക ചര്‍ച്ചാ വേദികള്‍ സംഘടിപ്പിക്കും. സര്‍വ്വേയുടെ ജനകീയ അഭിപ്രായങ്ങളും ചര്‍ച്ചയുടെ വിദഗ്ധ അഭിപ്രായങ്ങളും ക്രോഡീകരിച്ച് സമഗ്ര റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.
സോഷ്യല്‍ മീഡിയ വഴിയും പി.ഡബ്ല്യു.ഡി. ഹെല്‍പ്പ് ലൈന്‍ വഴിയും പദ്ധതി പ്രദേശങ്ങളിലെ ജനങ്ങളുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്ന കാര്യവും പരിഗണിക്കും. ഓണ്‍ ലൈന്‍ സര്‍വ്വേ സംവിധാനവും ഇതോടൊപ്പം സജ്ജീകരിക്കും. റോഡ് നിര്‍മ്മാണത്തിന് ലോക ബാങ്ക് പദ്ധതി പോലെ തന്നെ സാമൂഹിക കാഴ്ചപ്പാടില്‍ ഊന്നിയുള്ള അടിസ്ഥാന വികസന പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കിയാല്‍ കേരളത്തിലെ പല വികസന പദ്ധതികളും സൂഗമമായി മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പി.ഡബ്ല്യു.ഡി. സെക്രട്ടറി ടി.ഒ.സൂരജ് ആദ്ധ്യക്ഷനായിരുന്നു. കെ.എസ്.ടി.പി. പ്രോജക്ട് ഡയറക്ടര്‍ കെ.ജോസഫ് മാത്യു, ചീഫ് എഞ്ചിനീയര്‍ ജെ.രവീന്ദ്രന്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ് ദുഷ്യന്ത് കുമാര്‍, ടീം ലീഡര്‍ ഷബീര്‍ മുഹമ്മദ്, പി.ഡബ്ല്യു.ഡി. വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.













Discussion about this post