ന്യൂഡല്‍ഹി: 2001 ലെ സ്‌പെക്‌ട്രം വിതരണവും അന്വേഷണവിധേയമാക്കണമെന്ന് സുപ്രീംകോടതി സിബിഐയോട് ആവശ്യപ്പെട്ടു. ആദ്യം അപേക്ഷ നല്‍കിയവര്‍ക്ക് ആദ്യം എന്ന നിലയിലായിരുന്നു അന്നും സ്‌പെക്‌ട്രം വിതരണം ചെയ്‌തത്. ഈ സാഹചര്യം ചൂണ്ടിക്കാണിച്ചാണ് കോടതിയുടെ അഭിപ്രായം. അതേസമയം കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുദ്രവെച്ച കവറില്‍ കൈമാറണമെന്ന സിബിഐയുടെ അപേക്ഷ കോടതി നിരസിച്ചു.
സ്‌പെക്‌ട്രം അഴിമതി സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസുമാരായ ജി.എസ് സിംഗ്‌വിയും എ.കെ ഗാംഗുലിയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് സിബിഐയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. കേസില്‍ വരുന്ന മാര്‍ച്ചിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. കോടതി മേല്‍നോട്ടം വഹിക്കുന്ന അന്വേഷണം തന്നെ തുടരണമെന്നാണ് താല്‍പര്യമെന്നും സിബിഐ കോടതിയെ അറിയിച്ചു. 2 ജി ഇടപാടില്‍ സര്‍ക്കാരിന് 1.76 ലക്ഷം മാത്രമായിരിക്കില്ല നഷ്‌ടം വന്നതെന്നും യഥാര്‍ഥ തുക ഇതിലും ഭീമമായിരിക്കുമെന്നും കോടതി വിലയിരുത്തി. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് ഇക്കാര്യത്തില്‍ നിഗമനം നടത്തുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
സ്‌പെക്‌ട്രം വിതരണത്തില്‍ താന്‍ വഴിവിട്ട് ഒന്നും ചെയ്‌തിട്ടില്ലെന്നും തന്റെ മുന്‍ഗാമികള്‍ ചെയ്‌ത രീതി അവലംബിക്കുകയായിരുന്നെന്നും ടെലികോം മന്ത്രിയായിരുന്ന രാജ നേരത്തെ വ്യക്തമാക്കിയിരുന്നു. 2001 ല്‍ സ്‌പെക്‌ട്രം വിതരണം നടന്നപ്പോള്‍ എന്‍ഡിഎ സര്‍ക്കാരായിരുന്നു അധികാരത്തിലിരുന്നത്.
Discussion about this post