ഗുരുവായൂര്‍: ഉത്രാടദിനത്തില്‍ ഗുരുവായൂരപ്പന് ആയിരങ്ങള്‍ കാഴ്ചക്കുല സമര്‍പ്പണം നടത്തി. കാഴ്ച ശീവേലിക്കു ശേഷം ഏഴു മണിയോടെ ക്ഷേത്രത്തിലെ സ്വര്‍ണകൊടിമരത്തിന് സമീപത്തായി തയാറാക്കിയ പ്രത്യേകം സ്ഥലത്തായിരുന്നു ഭക്തജനങ്ങളുടെ കാഴ്ചക്കുല സമര്‍പ്പണം. അരിമാവ് അണിഞ്ഞ നാക്കിലയില്‍ ക്ഷേത്രം മേല്‍ശാന്തി തീയ്യന്നൂര്‍ ശ്രീധരന്‍ നമ്പൂതിരിയാണ് ആദ്യമായി കണ്ണന് കാഴ്ചക്കുല നല്‍കിയത്. തുടര്‍ന്ന് ദേവസ്വം ചെയര്‍മാനും ഭരണസമിതിയംഗങ്ങളും കാഴ്ചക്കുലകള്‍ സമര്‍പ്പിച്ചു.
ആയിരക്കണക്കിന് ഭക്തരാണ് കാഴ്ചക്കുലകളുമായി ഗുരുവായൂരപ്പനെ ദര്‍ശിക്കുന്നതിനായി രാവിലെ മുതല്‍ എത്തിയത്. സമര്‍പ്പിക്കപ്പെടുന്ന കാഴ്ചക്കുലകളില്‍ ഒരു ഭാഗം തിരുവോണ സദ്യയ്ക്കൊപ്പം ഉള്ള പഴപ്രഥമന്‍ ഉണ്ടാക്കാനായി എടുക്കും. ബാക്കി വരുന്നതില്‍ ഒരു ഭാഗം കുന്നത്തൂര്‍ കോട്ടയിലെ ആനകള്‍ക്ക് നല്‍കും. അവശേഷിക്കുന്ന കുലകള്‍ ലേലം ചെയ്യും. ഉത്രാടനാളില്‍ ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് കണ്ണന് കാഴ്ചക്കുല സമര്‍പ്പണം. രാത്രി അത്താഴപൂജ വരെ കാഴ്ചക്കുല സമര്‍പ്പണം നീളും.













Discussion about this post