ഇടുക്കി: ഇടുക്കി ഡാമിലേയ്ക്കുളള സന്ദര്‍ശകരുടെ പ്രവാഹം വര്‍ദ്ധിച്ച സാഹചര്യത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് റോഷി അഗസ്റിന്‍ എം.എല്‍.എ. യുടെ സാന്നിദ്ധ്യത്തില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന ജപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനമായി.
ഞായറാഴ്ച ഡാം കാണുന്നതിന് വന്‍ജത്തിരക്കാണ് അനുഭവപ്പെട്ടത്. സൗകര്യക്കുറവ് ജനങ്ങള്‍ക്ക് വിഷമതകള്‍ സൃഷ്ടിച്ച സാഹചര്യം പരിഗണിച്ചാണ് അടിയന്തര യോഗം ചേര്‍ന്നത്. നിലവില്‍ രണ്ടു മൊബൈല്‍ ടോയ്ലെറ്റുകളാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഇത് അഞ്ചായി വര്‍ദ്ധിപ്പിക്കും. ബോട്ടുകളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടാകും. ബോട്ടില്‍ കയറുന്നതിന് പാസ് നല്‍കാന്‍ പ്രത്യേക കൗണ്ടര്‍ ഒരുക്കും. അഞ്ചു പേര്‍ക്കാണ് ഒരേ സമയം ഒരു ബോട്ടില്‍ സഞ്ചരിക്കാന്‍ പാസ് നല്‍കുന്നത്. മുഴുവന്‍ തുക നല്‍കിയാല്‍ ഒറ്റയ്ക്കോ അഞ്ചില്‍ കുറഞ്ഞ അംഗങ്ങള്‍ക്കോ സഞ്ചരിക്കാന്‍ ഒരു ബോട്ട് പ്രത്യേകമായി സജ്ജീകരിക്കും.
പരിസരശുചീകരണത്തിന് കൂടുതല്‍ കുടുംബശ്രീ പ്രവര്‍ത്തകരെ ഏര്‍പ്പെടുത്തും. കുടിവെളള വിതരണത്തിനും സജ്ജീകരണമുണ്ടാകും. വാഹനങ്ങളുടെ പാര്‍ക്കിങിന് പ്രത്യേക സൗകര്യമൊരുക്കും. സന്ദര്‍ശകരെ പരിശോധിക്കുന്നതിന് രണ്ടിടത്തായി മെറ്റല്‍ ഡിറ്റക്റ്റര്‍ സ്ഥാപിക്കും. ഇരുവശങ്ങളിലും പ്രവേശനസൗകര്യം ഉണ്ടായിരിക്കും. ബുധനാഴ്ച മുതലാണ് പുതിയ സൗകര്യങ്ങള്‍ നിലവില്‍ വരിക.
യോഗത്തില്‍ ജില്ലാ കളക്ടര്‍ അജിത് പാട്ടീല്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉസ്മാന്‍, കെ.എസ്.ഇ.ബി. ചീഫ് എന്‍ജിനീയര്‍ കെ.കെ.കറുപ്പന്‍കുട്ടി, എ.ഡി.എം. പി.എന്‍. സന്തോഷ്, സബ് കളക്ടര്‍ മുഹമ്മദ് വൈ സഫിറുളള, ഡി.വൈ.എസ്.പി. ജോണ്‍സണ്‍ ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി വര്‍ഗീസ്, ജപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.













Discussion about this post