കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പുതുവൈപ്പില്‍ സ്ഥാപിക്കുന്ന എല്‍പിജി ടെര്‍മിനലിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയായി. തടസ്സങ്ങളെല്ലാം നീങ്ങിയ സാഹചര്യത്തില്‍ രണ്ടര വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. പുതുവൈപ്പില്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ 15 ഹെക്ടര്‍ സ്ഥലത്താണ് എല്‍പിജി ടെര്‍മിനല്‍ വരുന്നത്. 270 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
കേരളത്തിലെ എല്‍പിജി ക്ഷാമം പരിഹരിക്കുന്നതിനും സുരക്ഷിതമായി എല്‍പിജി കൈകാര്യം ചെയ്യുന്നതിനുമാണ് ടെര്‍മിനല്‍ സ്ഥാപിക്കുന്നത്. പുതുവൈപ്പില്‍ വരുന്ന തുറമുഖാധിഷ്ഠിത സെസിലാകും ഇത് പ്രവര്‍ത്തിക്കുക. തുറമുഖ ട്രസ്റ്റ് കൈമാറിയ സ്ഥലത്ത് ചുറ്റുമതില്‍ നിര്‍മാണം പൂര്‍ത്തിയായി.
കപ്പലില്‍ എത്തിക്കുന്ന എല്‍പിജി കുഴലുകള്‍വഴി ടെര്‍മിനലില്‍ സംഭരിച്ചശേഷം കായലിനടിയിലൂടെ ഉദയംപേരൂര്‍ പ്ലാന്റിലെത്തിക്കാനാണ് ലക്ഷ്യം. ആവശ്യമെങ്കില്‍ ബുള്ളറ്റ്ടാങ്കറുകളില്‍ ഇവിടെനിന്ന് എല്‍പിജികൊണ്ടുപോകാനും സംവിധാനമൊരുക്കും.
15400 ടണ്‍ ശേഷിയുള്ള സംഭരണടാങ്ക് അത്യാധുനിക സംവിധാനങ്ങളോടെ നിര്‍മിക്കും. അപകടസാധ്യത പൂര്‍ണമായും ഇല്ലാതാക്കാന്‍ ഭൂമിക്കടിയില്‍ കോണ്‍ക്രീറ്റ് അറ നിര്‍മിച്ച്, മണല്‍കൊണ്ട് കവചം തീര്‍ത്ത് അതിനുള്ളിലാകും എല്‍പിജി സംഭരിക്കുക. പ്രതിവര്‍ഷം ആറ് ലക്ഷം ടണ്‍ എല്‍പിജി കൈകാര്യം ചെയ്യാന്‍ ശേഷിയുണ്ടാകും.
നിലവില്‍ കേരളത്തിന് വര്‍ഷം 5.5 ലക്ഷം ടണ്‍ എല്‍പിജി ആവശ്യമാണ്. വര്‍ഷം 8 ശതമാനം നിരക്കില്‍ ഇതിന്റെ ആവശ്യകത കൂടിവരുന്നുണ്ട്. മംഗലാപുരത്തുനിന്ന് റോഡ്മാര്‍ഗമാണ് ഇവിടെ വേണ്ടതിന്റെ 60 ശതമാനവും എത്തുന്നത്. നിലവിലുള്ള സാഹചര്യത്തില്‍ 2014ഓടെ ഇവിടെ എല്‍പിജി ക്ഷാമം ഉണ്ടാകും.
പണിമുടക്കും മറ്റും ഉണ്ടാകുമ്പോള്‍ ഇവിടെ എല്‍പിജി തീര്‍ന്നുപോകുന്ന സ്ഥിതിയുമുണ്ട്. ഇതെല്ലാം എല്‍പിജി ടെര്‍മിനല്‍ വരുന്നതോടെ ഒഴിവാകും. തമിഴ്‌നാടിന്റെ കേരളത്തോട് ചേര്‍ന്നു കിടക്കുന്ന മേഖലകളിലേക്കും ഇവിടെനിന്നും എല്‍പിജി എത്തിക്കുവാന്‍ കഴിയും.
Discussion about this post