കാക്കയും കൊക്കും പിന്നെ അറിവിന്റെ അരയന്നങ്ങളും
നിറയും പുത്തരിയും ചിങ്ങക്കൊയ്ത്തും കഴിഞ്ഞ് പാടമായ പാടമെല്ലാം അടുത്ത കൃഷിയിറക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഏതോ പാടത്തില്‍ ആര്‍ക്കോ വേണ്ടി കര്‍ഷകന്‍ നിലം ഉഴുതുകൊണ്ടിരിക്കുന്നു. കലപ്പചാലില്‍ അനേകം ചെറു മത്സ്യങ്ങളും പുഴുക്കളും ചെറുപ്രാണികളേയും തിന്നാന്‍ കാക്കകള്‍ പറന്നടുക്കുന്നുണ്ടായിരുന്നു.
യഥേഷ്ടം ഭക്ഷിച്ച് കാക്കകള്‍ പാടത്തിന്റെ വരമ്പത്ത് വിശ്രമിച്ചു. ഒപ്പം പഴയ ഞാറുനടീല്‍ പാട്ടിന്റെ തെറ്റിയ ഈണം അവയുടെ കറുത്തചുണ്ടില്‍ തത്തിക്കളിച്ചു.
അല്പം കഴിഞ്ഞ് അവിടെ കുറെ കൊറ്റികള്‍ പറന്ന് വന്നു.
കലപ്പചാലിലെ ഭക്ഷണപ്പൊതികള്‍ കണ്ട് നീണ്ട ചുണ്ടില്‍ വെള്ളമൂറി. ചെമ്പന്‍ ചിറക് നിവര്‍ത്തി വീശി വേഗം പറന്ന് ചെന്ന് തീറ്റ തുടങ്ങി
ഇരകളെ കൊത്തിയെടുത്ത് വരമ്പത്ത് വന്ന് ഒരുതരം രസത്തോടെ രുചിച്ചുകൊണ്ടേയിരുന്നു. ഇടയ്ക്ക് ഒളിക്കണ്ണിട്ട് കാക്കകളെ നോക്കുന്നുമുണ്ടായിരുന്നു. അരവയര്‍ നിറഞ്ഞപ്പോള്‍ കൊക്കുകള്‍ കാക്കകളെ കളിയാക്കാന്‍ തുടങ്ങി.
കറുത്തവാവിന്റെ നാണം കെട്ട സന്തതികളെ ദൂരെ നീങ്ങിപ്പോവുക. ബലിക്കല്ലുകളിലെ ബലിച്ചോറ് നക്കാന്‍ വേഗം പറന്നു പോവുക. നിങ്ങളുടെ മുഷിഞ്ഞ ഈറന്‍ തോര്‍ത്തിന്റെ അറപ്പിക്കുന്ന നാറ്റം നമുക്ക് സഹിക്കുന്നില്ല.
അകന്നു പോവിന്‍, അടുത്ത് അടുക്കാതെ അകന്നുപോവിന്‍ ഈ വെളുത്ത ദേഹത്തെ നോക്കി അസൂയപ്പെട്ടിട്ട് കാര്യമില്ല.
കാലത്തിന്റെ വാദ്ധ്യാരുപണിക്ക് വേഗം പറന്നു പോവുക.
ഒരു നൂറ് ജന്മം എടുത്താലും ഇതുപോലൊരു ശരീരവും ഈ നിറവും തലയെടുപ്പും ശ്രദ്ധയോടെയുള്ള നടപ്പും നിങ്ങള്‍ക്ക് കിട്ടില്ല.
കൊക്കുകള്‍ കാക്കകളെ ശരിക്കും കളിയാക്കി. കളിയാക്കലല്ല, ഒരുതരം കുത്തിനോവിക്കല്‍.
അഹങ്കാരത്തിന്റെ വാള്‍ത്തലയെടുത്തുള്ള കൊക്കുകളുടെ ഉറഞ്ഞുതുള്ളലില്‍ കാക്കകള്‍ മിണ്ടാതെ ഇരുന്നതേയുള്ളു. പിന്നെ രണ്ടുകൂട്ടരും കലപ്പചാലിലേക്ക് പറന്നുപോവുകയും ഇരകളുമായി വരമ്പത്ത് വരികയും ചെയ്തു കൊണ്ടേയിരുന്നു. ഒപ്പം കൊക്കുകളുടെ കളിയാക്കലും.
തീരെ നിവൃത്തികെട്ടപ്പോള്‍ കാക്കകള്‍ നല്ല മറുപടി കൊടുത്തു.
നിങ്ങള്‍ പറഞ്ഞതൊക്കെ ശരിതന്നെ പക്ഷേ ഒരു കാര്യം നിങ്ങള്‍ മനസ്സിലാക്കണം. കാക്കകള്‍ വിശദീകരിച്ചു.
നമ്മള്‍ കറുത്തവര്‍തന്നെ. ദൈവത്തിന്റെ കറുത്തമക്കളും നമ്മള്‍തന്നെ.
കറുത്തമുത്തുകള്‍
നമ്മള്‍ ആരേയും കളിയാക്കാറില്ല.
നമ്മള്‍ക്കും കുറ്റങ്ങളും കുറവുകളും ഉണ്ട്.
അല്പപ്രാണികളായിപ്പോയില്ലേ.
അന്യരില്‍ നിന്ന് നല്ല പാഠങ്ങള്‍ പഠിച്ച് അതുപോലെ പെരുമാറാനും സ്‌നേഹിക്കാനും ശ്രമിക്കാറുണ്ട്.
നിങ്ങള്‍ അഹങ്കാരത്തിന്റെ ആള്‍രൂപങ്ങളാണ് കാക്കകളുടെ തത്വശാസ്ത്രം കേട്ട് കൊക്കുകള്‍ വീണ്ടു പൊട്ടിച്ചിരിച്ചു.
അല്പം അകലെനിന്ന് കാക്കകള്‍ക്ക് അനുകൂലമായി മനോഹരമായ കൈയടിയും ഒപ്പം കേട്ടു.
എല്ലാവരും തിരിഞ്ഞുനോക്കി.
വരമ്പത്ത് അല്പം അകലെയായി രണ്ട് അരയന്നങ്ങള്‍ ഇരിക്കുന്നു.
കാക്കകളുടെ സംഭാഷണങ്ങള്‍ കേട്ട് അരയന്നങ്ങളാണ് കൈയടിച്ചത്.
അരയന്നങ്ങളെ കണ്ടതും കൊക്കുകള്‍ക്ക് അസൂയമൂത്തു.
തൂവെള്ള ദേഹം
ചുവന്ന കണ്ണുകള്‍
തുടുത്ത കാലുകള്‍
കടഞ്ഞെടുത്ത ചുണ്ടുകള്‍ മാത്രമോ ആരെയും കൊതിപ്പിക്കുന്ന സുഗന്ധം അവയില്‍ നിന്നും വമിക്കുന്നുണ്ടായിരുന്നു.
കാക്കകള്‍ ഒളിക്കണ്ണിട്ട് കൊക്കുകളേയും അരയന്നങ്ങളേയും മാറിമാറി നോക്കി.
രസച്ചരടുകള്‍ വെറുതെ അഴിച്ചുവിട്ടു.
കൊക്കുകളുടെ കളിയാക്കലിന് വേഗപ്പൂട്ട് വീഴ്ത്താന്‍ കാക്കകള്‍ ഒരു ശ്രമം നടത്തി.
കലപ്പച്ചാലുകളിലേക്ക് തുടര്‍ച്ചയായ് പറന്നുപോവുകയും യഥേഷ്ടം ഭക്ഷിക്കുകയും സ്വന്തം ദേഹത്ത് നോക്കി നീണ്ട ചുണ്ടുകള്‍ കൊണ്ട് ചെമ്പന്‍ തൂവലുകള്‍ കൊത്തിമിനുക്കുകയും ചെയ്യുന്നു കൊറ്റികള്‍. ഇടയ്ക്ക് അരയന്നങ്ങളെയും സ്വന്തം ശരീരത്തെയും മാറിമാറി നോക്കി നെടുവീര്‍പ്പിടുന്നുമുണ്ടായിരുന്നു. കലപ്പച്ചാലില്‍ പറന്നുവരാതെ പരിസരം നോക്കിയിരിക്കുന്ന അരയന്നങ്ങളെക്കണ്ട് കൊക്കുകള്‍ക്കും ഒപ്പം കാക്കള്‍ക്കും അതിശയം തോന്നി. എത്ര ഭക്ഷിച്ചിട്ടും മിനുസപ്പെടുത്തിയിട്ടും അരയന്നങ്ങളുടെ ഭംഗിയും ഗാംഭീര്യവും കൊക്കുകള്‍ക്ക് കിട്ടുന്നില്ല. അവയുടെ പരിശ്രമം തുടര്‍ന്നു കൊണ്ടേയിരുന്നു.
ചെയ്യുന്ന പ്രവൃത്തിയില്‍ അടിമുടി അഹങ്കാരത്തിന്റെ മുള്‍മുനകള്‍ ഉണ്ടായിരുന്നു.
കാക്കകള്‍ അതിനുവേണ്ടി ഒരു ശ്രമം നടത്തിയതേയില്ല. കൊക്കുകളേയും അരയന്നങ്ങളേയും മാറിമാറി നോക്കുകയും തെല്ലും അസൂയയില്ലാതെ തനിക്കു കിട്ടിയ ഈ ജീവിതവും തന്റേതായ സൗന്ദര്യത്തിലും ശ്രദ്ധിച്ച് മാറ്റങ്ങളെ നോക്കിയിരുന്നു.
നിവൃത്തിയില്ലാതെ കൊക്കുകള്‍ അരയന്നങ്ങളെ സമീപിച്ചു.
കാക്കകള്‍ കേള്‍ക്കാതെ പതിഞ്ഞ സ്വരത്തില്‍ കാര്യങ്ങള്‍ തിരക്കി.കൊക്കുകളെ കണ്ട് അരയന്നങ്ങള്‍ ആദ്യം നമസ്‌കാരം അര്‍പ്പിച്ചു. പിന്നെ വളരെ മൃദുവായ സ്വരത്തില്‍ ചോദിച്ചു.
എന്താണ് നിങ്ങള്‍ക്ക് അറിയേണ്ടത്?
കൊക്കുകള്‍ തുടര്‍ന്നു.
ആ കലപ്പചാലുകളില്‍ ഉള്ള എല്ലാ ഇരകളേയും ഞങ്ങള്‍ ഭക്ഷിച്ചു. നിങ്ങളെ കണ്ടപ്പോള്‍ എത്രയും പെട്ടെന്ന് എല്ലാം ഭക്ഷിച്ചുകളയുമോയെന്ന ധൃതിയില്‍ മുക്കാലും ഞങ്ങള്‍ തന്നെ ഭക്ഷിച്ചു തീര്‍ത്തു. ഇനി വരാത്ത കലപ്പചാലുകളും കടന്ന കൃഷിക്കാരന്‍ പോവുകയും ചെയ്തു. പക്ഷേ കലപ്പച്ചാലിലെ ഇരകളെ തേടി നിങ്ങള്‍ വന്നതേയില്ല. ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാതെയാണ് നിങ്ങള്‍ ഇരുന്നത്.
കൊക്കുകള്‍ വീണ്ടും തുടര്‍ന്നു.
ആകാംഷയുടെ മടിക്കുത്തുകള്‍ ഒന്നൊന്നായി അഴിഞ്ഞു വീണു.
നിങ്ങള്‍ എന്താണ് ഭക്ഷിക്കുന്നത്? ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്താണ്? വാക്കുകളിലെ സ്ഫുടത പ്രസന്നത എവിടെ നിന്നും കിട്ടി.
എവിടെ നിന്നാണ് നിങ്ങള്‍ വരുന്നത്.
ചോദ്യങ്ങളുടെ കൂടുകള്‍ കൊക്കുകള്‍ തുറന്ന് വിട്ടു. എല്ലാം കേട്ട് ശാന്തസ്വരത്തില്‍ ഗാംഭീര്യം വിടാതെ അച്ഛസ്ഫടികമായ ശബ്ദത്തില്‍ അരയന്നങ്ങള്‍ മറുപടി പറഞ്ഞു.
ഞങ്ങള്‍ സ്‌നേഹത്തിന്റെ ശാന്തിയുടെ ഒത്തൊരുമയുടെ ആദരവിന്റെ വെണ്‍കൊറ്റകുട ചൂടിയ സ്വര്‍ഗവാതിലുകള്‍ക്കരികെ നിന്നും വരുന്നു. അവിടത്തെ ശുദ്ധജലവും തുളസിക്കതിരുമാണ് ഞങ്ങളുടെ ഭക്ഷണം അതിന്റെ മിഴിമുനകളേറ്റാണ് നമ്മുടെ ഈ സൗന്ദര്യം. ആഗ്രഹങ്ങള്‍ ഒഴിഞ്ഞ മനസ്സും ആരേയും വേദനിപ്പിക്കരുതെന്ന ഉപദേശവുമാണ് ഈ പ്രസരിപ്പിന്റെ രഹസ്യം.
അന്യ ജീവികളെകൊന്ന് സ്വന്തം ഭക്ഷണമാക്കാനുള്ള അവകാശം ആരാണ് തന്നത്?
ഓരോരുത്തര്‍ക്കും ജീവിക്കാന്‍ ഭൂമിയില്‍ ഒരു ഇടമുണ്ട്. കരുതിവയ്പിന്റെ അന്നപാനീയങ്ങളുണ്ട്. ജീവിക്കുക എന്നത് ഒരു അവകാശമാണ് അതിജീവിതം അതിന്റെ പിന്‍തുടര്‍ച്ചയും അതില്ലാതാക്കാനുള്ള ധാര്‍ഷ്ട്യം ആര്‍ക്കും നല്ലതല്ല. തികഞ്ഞ സസ്യഭുക്കുകളായി ജീവിക്കുന്നവരാണ് നമ്മള്‍.
ശ്രമിച്ചുനോക്കു നിങ്ങള്‍ക്കും ഇതുപോലെ ഉയരത്തില്‍ എത്താന്‍ കഴിയും.
നല്ല ചിന്ത, സഹജീവികളോടുള്ള സ്‌നേഹം. ഇതാവട്ടെ ഇന്നുമുതല്‍ നിങ്ങളുടെ ആദര്‍ശം.
മാറേണ്ടത് സമീപനങ്ങളാണ്.
എല്ലാത്തിനും ഒരു സുതാര്യത വേണമെന്ന് സാരം. സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ ശുദ്ധീകരിച്ച് അതിനെ യുക്തിപരമായ തലത്തിലേക്ക് കൊണ്ടു വരുമ്പോഴാണ് നന്മ പടികയറുന്നത്. എല്ലാത്തിനും വേണ്ടത് ഒരു നല്ല മനസ്സും അര്‍പ്പണ മനോഭാവവും ആണ്. ആശ്രയശീലം കുറച്ച് കാലത്തേക്ക് മാറ്റിവെച്ച് സ്വാശ്രയബോധത്തെ ഉദ്ദീപിപ്പിക്കണം. സത്യങ്ങളും തത്വങ്ങളും അന്തര്‍ധാനം ചെയ്യുന്ന ഒരു കാലത്തിന്റെ പടിക്കെട്ടിലാണ് നമ്മള്‍ അടിയന്തിരമായ ജാഗ്രത ആവശ്യമാണ്.
അരയന്നങ്ങളുടെ ഉപദേശം കേട്ട് കൊക്കുകളും കാക്കകളും കോരിത്തരിച്ചിരിക്കാം.
നന്ദിയുടെ ആലവട്ടം വീശി അരയന്നങ്ങളെ അവര്‍ സന്തോഷിപ്പിച്ചു.
അഴുക്ക് പിടിച്ച ചിന്തയെ എറിഞ്ഞുടയ്ക്കാനും ജീവിതത്തെ മാറ്റി മറിക്കാനുമുള്ള ചിന്ത അവരുടെ ഉള്ളില്‍ നിന്നും ഉയിരായി പിറന്നു.
വെണ്മയുടെ ആകാശച്ചിറകുകള്‍ മെല്ലെ വീശി അരയന്നങ്ങള്‍ പിന്നെ പറന്നകന്നു.
നോക്കെത്താദൂരത്ത് കണ്ണറ്റുവീഴും വരെ രണ്ട് കൂട്ടരും നോക്കിയിരുന്നു.
ഇരുകാലികളുടെ ഇരുത്തം വന്ന ചിന്ത ഭൂമിയിലുണ്ടാക്കിയ വലിയ ചലനത്തില്‍ കാക്കകളും കൊക്കുകളും വൈരം മറന്ന് ഒരുമയുടെ സ്വര്‍ഗ്ഗഗീതങ്ങള്‍ക്ക് കൂടുകള്‍ തുറന്ന് വിട്ടു.
കലപ്പച്ചാലുകള്‍ തീര്‍ക്കാന്‍ പിറ്റെന്നും കര്‍ഷകന്‍ വന്നു.
അവിടേയ്ക്ക് കൊറ്റികളും കാക്കകളും പറന്ന് വന്നോ അങ്ങനെ ആകാതിരുന്നെങ്കില്‍!!!
(ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ പ്രസരിപ്പിന്റെ രഹസ്യമെന്താണെന്ന് ആശ്രമപരിസരത്തു വച്ച് ഞാന്‍ ചോദിച്ചപ്പോള്‍ കൊക്കിന്റെയും അരയന്നത്തിന്റേയും കഥപറഞ്ഞ വലിയ ഒരു തത്വത്തിന്റെ പൊരുള്‍ കാട്ടിത്തരികയായിരുന്നു. ഇവിടെ കാക്കകളെ കഥാപാത്രമാക്കിയത് സ്വാമിജിയുടെ മറ്റുപല ചിന്തകളെ കൂടി തുന്നിച്ചേര്‍ക്കാന്‍ വേണ്ടിയാണ്. ഭംഗിയായ ഒരു പരത്തി പറച്ചില്‍. അത് സ്വാഭാവികമായി വന്ന് ചേര്‍ന്നതും. കഥയ്ക്ക് വേണ്ടിയുള്ള കൂടൊരുക്കല്‍ അത്രമാത്രം. എല്ലാം ആ പാദപത്മങ്ങളിലെ പൂജാ മലരുകള്‍ തന്നെ.)

Discussion about this post