കൊല്ലം: ലോകഹൃദയ ദിനമായ ഇന്ന് ഡോ.ജി.വിജയരാഘവന് സ്വപ്ന സാഫല്യത്തിന്റെ ദിനം. കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ വൈസ് ചെയര്‍മാനും സ്ഥാപക ഡയറക്ടറും കാര്‍ഡിയോളജി വിഭാഗം തലവനുമായ ഡോ. വിജയരാഘവന്‍ ഹൃദ്രോഗത്തെക്കുറിച്ച് എഴുതിയ പുസ്തകം ഇന്നു പുറത്തിറങ്ങുന്നു. ലോകഹൃദയദിനത്തില്‍ മലയാളികള്‍ക്കായി താന്‍ നല്‍കുന്ന സമ്മാനമായാണ് ഈ പുസ്തകത്തെ ഡോ.വിജയരാഘവന്‍ കാണുന്നത്.
ഹൃദ്രോഗം വന്നാലും വരാതിരിക്കാനും എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകത്തില്‍ സാധാരണക്കാരന് മനസിലാക്കാന്‍ കഴിയുന്ന രീതിയില്‍ നിരവധി കാര്യങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നു. രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകളെക്കുറിച്ചും രോഗം വന്നാല്‍ പാലിക്കേണ്ട ജീവിത ചര്യകളെകുറിച്ചും ലളിതമായ ശൈലിയില്‍ വിശദീകരിച്ചിട്ടുണ്ട്. മാത്രമല്ല രോഗം വരാതിരിക്കാനുള്ള ഭക്ഷണ-വ്യായാമ മുറകളും ഡോക്ടര്‍ വിശദമായി പറയുന്നുണ്ട്.
എല്ലാവരും ഹൃദ്രോഗത്തെ സംബന്ധിച്ച വിവരങ്ങള്‍ അറിയണമെന്ന ആഗ്രഹമുണ്ടായതിനാലാണ് വില അമിതമാകാതെ പുസ്തകം വായനക്കാരിലെത്തിക്കാന്‍ ഡോക്ടര്‍ ലക്ഷ്യമിട്ടത്. തിരക്കിനിടയിലും ഏറെ നാളത്തെ പരിശ്രമത്തിനൊടുവിലാണ് ഡോക്ടര്‍ പുസ്തകരചന പൂര്‍ത്തിയാക്കിയത്. രോഗികളുടെ ചികിത്സ കഴിഞ്ഞ് അല്പം കിട്ടുന്ന സമയം പരമാവധി അദ്ദേഹം പുസ്തകരചനയ്ക്കായി നീക്കിവയ്ക്കുകയായിരുന്നു. കൊച്ചുകുട്ടിക്ക് പോലും മനസിലാകുന്ന ശൈലിയാണ് ഡോക്ടര്‍ അവലംബിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പുസ്തകം വായിക്കാനെടുത്താല്‍ തീര്‍ന്നിട്ടേ താഴെ വയ്ക്കാന്‍ ആര്‍ക്കും തോന്നുകയുള്ളു.
1942 സെപ്തംബര്‍ 18ന് കൊല്ലം ജില്ലയിലെ പെരുമ്പുഴ ഗ്രാമത്തില്‍ ജനിച്ച ഡോക്ടര്‍ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, വെല്ലൂര്‍ മെഡിക്കല്‍ കോളജുകളിലും കുവൈറ്റ് യൂണിവേഴ്‌സിറ്റിയിലും പ്രെഫസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ബ്രസീല്‍, ആസ്ട്രിയ, ഫിലിപ്പീന്‍സ്, തായ്‌ലന്റ്, ശ്രീലങ്ക, കുവൈറ്റ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ പ്രത്യേക അതിഥിയായി എത്തി പ്രഭാഷണം നടത്തിയിട്ടുണ്ട്.
കേരള കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി സെക്രട്ടറി, പ്രസിഡന്റ്, ഇന്ത്യന്‍ അക്കാദമി ഓഫ് എക്കോ കാര്‍ഡിയോഗ്രാഫിയുടെ അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.ഡോപ്‌ളര്‍ എക്കോ കാര്‍ഡിയോഗ്രാഫിയെ കുറിച്ച് രചിച്ച ആധികാരിക ഗ്രന്ഥം അമേരിക്കയില്‍ നിന്നും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സങ്കീര്‍ത്തനം പബ്ലിക്കേഷന്‍സ് ആണ് ഇന്ന് പുറത്തിരങ്ങുന്ന പുസ്തകം പ്രസിദ്ധീകരിച്ചത്.













Discussion about this post