തിരുവനന്തപുരം: അനുകരണീയമായത് മാത്രമേ വിദ്യാര്‍ത്ഥികള്‍ അനുകരിക്കാവൂ എന്ന് പത്മഭൂഷണ്‍ കെ ജെ യേശുദാസ് പറഞ്ഞു. നമ്മുടെ കുറവുകള്‍ നികത്താനുള്ള മനോഭാവം നമുക്കെപ്പോഴും ഉണ്ടാകണമെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു.
ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ഗാന്ധിപാര്‍ക്കിലെ ഗാന്ധിപ്രതിമയില്‍ ഹാരാര്‍പ്പണം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ സമൂഹത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതും വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്ക് വേണ്ട ഭൗതിക സാഹചര്യം ഒരുക്കികൊടുക്കാന്‍ സര്‍ക്കാരിന് സാധിക്കണമെന്നും വേണ്ടകാര്യങ്ങള്‍ ആവശ്യകാര്‍ക്ക് കണ്ടറിഞ്ഞ് അനുവദിക്കാനുള്ള സന്മനസ്സ് സര്‍ക്കാര്‍ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാഡില്‍ സ്വര്‍ണ്ണമെഡല്‍ നേടി കേരളത്തിന്റെ യശസ്സുയര്‍ത്തിയ ആര്യയെ യേശുദാസ് അനുമോദിച്ചു. ചടങ്ങില്‍ മേയര്‍ അഡ്വ.കെ ചന്ദ്രിക, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ മിനി ആന്റണി, അഖിലേന്ത്യാ ഗാന്ധിസ്മാരകനിധി ചെയര്‍മാന്‍ പി ഗോപിനാഥന്‍നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post