തൃശൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ 92 വയസ്സ് പൂര്‍ത്തിയാക്കി 93-ാം വയസ്സിലേക്ക് പ്രവേശിച്ചു. പ്രായാധിക്യത്തിന്റെ അവശതകള്‍ വിസ്മരിച്ചാണ് കരുണാകരന്‍ പിറന്നാള്‍ ആഘോഷിച്ചത്. ഇഷ്ടദേവനായ കണ്ണന്റെ കാരുണ്യവും അനുയായികളുടെ ആവേശതിമിര്‍പ്പും ലീഡര്‍ക്ക് 93ലും 30ന്റെ പ്രസന്നതയേകി.
മിഥുനത്തിലെ കാര്‍ത്തികനാളായ ഇന്ന് രാവിലെ ക്ഷേത്രത്തില്‍ ഉഷഃപൂജ കഴിഞ്ഞ് നട തുറന്നപ്പോള്‍ എത്തിയ ലീഡര്‍ സോപാനപ്പടിയില്‍ മൂന്ന് കദളിപ്പഴക്കുലകളും കാണിക്കയും സമര്‍പ്പിച്ചു. മേല്‍ശാന്തി തെക്കുംപറമ്പത്ത് മനയ്ക്കല്‍ ഉണ്ണികൃഷ്ണന്‍ മ്പൂതിരി തീര്‍ത്ഥവും പ്രസാദവും ലീഡര്‍ക്ക് നല്‍കി. തൊഴുതുകഴിഞ്ഞപ്പോള്‍ കരുണാകരന് ഒരു അനുയായിയുടെ വക പഞ്ചസാര കൊണ്ട് തുലാഭാരവും നടത്തി. 63 കിലോ പഞ്ചസാര വേണ്ടിവന്നു.
ഭഗവാനെ തൊഴുത് ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് തിരിച്ചെത്തിയ കരുണാകരന് ആശംസകള്‍ നേരാന്‍ കോണ്‍ഗ്രസ് നേതാക്കളടക്കമുള്ളവരുടെ തിരക്ക്. രാവിലെ 9.30ന് ശ്രീവത്സം ഗസ്റ്റ് ഹൗസിലെ ഒന്നാം നമ്പര്‍ സ്യൂട്ട് റൂമില്‍ നിന്നും പിറന്നാള്‍ കേക്ക് മുറിക്കുന്നതിനായി ഇറങ്ങിയ ലീഡര്‍ക്ക് കേക്ക് ഒരുക്കിവച്ചിരുന്ന ഹാളിലേക്ക് എത്താന്‍ അനുയായികളുടെ തിരക്കും ആവേശവും മൂലം ഏറേ പ്രയാസപ്പെടേണ്ടിവന്നു. ലീഡര്‍ കേക്കുമുറിച്ചുകഴിഞ്ഞപ്പോള്‍ ജില്ലയുടെ ഇപ്പോഴത്തെ ചുമതലയുള്ള ബെന്നി ബെഹന്നാന്‍ ആദ്യകഷണം ലീഡര്‍ക്ക് നല്‍കി. ശേഷം പീതാംബരക്കുറുപ്പിന്റെ വകയും.
സി.എന്‍. ബാലകൃഷ്ണന്‍, പി.എ. മാധവന്‍, ഇബ്രാഹിംകുട്ടി കല്ലാര്‍, ടി.വി. ചന്ദ്രമോഹന്‍, സി.എന്‍. ഗോവിന്ദന്‍കുട്ടി, കെ.പി. വിശ്വനാഥന്‍, വി. ബാലറാം, യൂസഫലി കേച്ചേരി, ഡോ. എം. ലീലാവതി, ദേവസ്വം ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍, അഡ്മിനിസ്‌ട്രേറ്റര്‍ രഘുരാമന്‍ തുടങ്ങിയ ഒട്ടേറെപേര്‍ ആശംസകള്‍ നേരാനെത്തി. കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ വക പിറന്നാള്‍ സദ്യയും നടന്നു. ഗുരുവായൂരപ്പന്റെ നിവേദ്യ പ്രസാദങ്ങളാണ് ലീഡര്‍ ഇന്ന് ഭക്ഷണമായി കഴിച്ചത്. ഉച്ചപൂജ തൊഴുതശേഷം വൈകുന്നേരത്തോടെ അദ്ദേഹം ഗുരുവായൂരില്‍ നിന്ന് വൈകുന്നേരം മടങ്ങും. നെടുമ്പാശേരിയില്‍ നിന്ന് വിമാനമാര്‍ഗം രാത്രി തിരുവനന്തപുരത്തേക്ക് തിരിക്കും.
Discussion about this post