തിരുവനന്തപുരം: കേരാമൃത (നീര) ത്തിന്റെ വിപണനം വ്യാപകമാക്കാനുളള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള കാര്‍ഷികസര്‍വകലാശാല വികസിപ്പിച്ച പ്രകൃതിദത്ത ആരോഗ്യപാനീയമായ കേരാമൃതം (നീര) പാനീയത്തിന്റെ ഔദേ്യാഗികസമര്‍പ്പണം കനകക്കുന്നില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കേരകര്‍ഷകര്‍ക്ക് തെങ്ങില്‍നിന്നുളള വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കേരാമൃതത്തിന്റെ ഉത്പാദനം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കളളുചെത്തു വ്യവസായത്തെ ബാധിക്കാത്ത വിധത്തില്‍ കേരാമൃതത്തിന്റെ ഉത്പാദനവും വിപണനവും നടത്തുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി കെ. ബാബു പറഞ്ഞു. കേരാമൃതം വിറ്റഴിക്കാനുളള അനുവാദം കാര്‍ഷിക സര്‍വകലാശാലയ്ക്ക് നല്‍കാന്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. നീരയുടെ വിപണനത്തിനാവശ്യമായി അബ്കാരി നിയമങ്ങളില്‍ ഉടന്‍ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. എം.പി. വിന്‍സന്റ് എം.എല്‍.എ. അധ്യക്ഷനായിരുന്നു. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ., കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രാജേന്ദ്രന്‍, കൃഷി വകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റൂഫസ് ഡാനിയേല്‍, ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തെങ്ങ്, നെല്ല് എന്നിവയുടെ ഗുണമേന്മകൂടിയ ഇനങ്ങളുടെ പ്രകാശനവും മന്ത്രി കെ. ബാബു ചടങ്ങില്‍ നിര്‍വഹിച്ചു. തെങ്ങില്‍നിന്നുമെടുക്കുന്ന നീര പുളിച്ചുപോകാതെ സംസ്‌കരിച്ച് ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങളിലൂടെ ആല്‍ക്കഹോള്‍ അംശമില്ലാത്ത ലഹരിമുക്തമായ പാനീയമാക്കിമാറ്റിയതാണ് കേരാമൃതം. ഈ ഉത്പന്നം ശീതീകരിച്ച അവസ്ഥയില്‍ മൂന്ന് മാസം കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയും.












