മലപ്പുറം: അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വന്‍തോതില്‍ രോഗം ബാധിച്ച മാടുകളുടെ കടത്തിക്കൊണ്ടു വരുന്നു. ഊടുവഴികളിലൂടെയാണ് ജില്ലയിലേക്ക് മാടുകളുടെ വരവ്. നാടുകാണിച്ചുരം വഴിയാണ് അന്യസംസ്ഥാന മാടുകളെ നടത്തി കടത്തുന്നത്. മണിമൂളിയില്‍ ചെക്ക്പോസ്റ്റുണ്ടെങ്കിലും മൂന്നുവര്‍ഷമായി ഇതുവഴി മാടുകളെ കൊണ്ടുവരുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്. അതുകൊണ്ടുതന്നെ പരിശോധനകളുമില്ല. മുത്തങ്ങ, വാളയാര്‍ ചെക്ക്പോസ്റ്റുകള്‍ വഴി കടക്കുന്ന മാടുകളാണ് ജില്ലയില്‍ കൂടുതലായെത്തുന്നത്. അതിര്‍ത്തിയില്‍ പേരിനു മാത്രമുള്ള പരിശോധന നടത്തി മൃഗങ്ങളെ കേരളത്തിലേക്കു കടത്തിവിടുകയാണ്. ഒരു ലോറിയില്‍ പരമാവധി ഒന്‍പത് മാടുകളെ കൊണ്ടുവരാനാണ് നിബന്ധന. എന്നാല്‍ 15 മുതല്‍ 20 വരെ മാടുകളെ ഒരു ലോറിയില്‍ കൊണ്ടുവരുന്നു. മാടുകളുടെ ആരോഗ്യസ്ഥിതി ഉറപ്പാക്കി വെറ്ററിനറി സര്‍ജന്‍ നല്‍കുന്ന ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റും വാഹനത്തില്‍ നിര്‍ബന്ധമാണ്. ഒരു ദിവസം എട്ടു മണിക്കൂറില്‍ കൂടുതല്‍ ഇവയെ യാത്ര ചെയ്യിക്കരുതെന്നും ഓരോ രണ്ടു മണിക്കൂര്‍ കഴിയുമ്പോഴും വെള്ളവും തീറ്റയും നല്‍കണമെന്നും വ്യവസ്ഥയുണ്ട്. അതിര്‍ത്തി കടന്നെത്തുന്ന മാടുകളെ വാഹനത്തില്‍നിന്ന് ഇറക്കി അവയുടെ രക്തം പരിശോധിച്ച് 24 മണിക്കൂര്‍ നിരീക്ഷിച്ചശേഷമാണ് കടത്തിവിടുക. എന്നാല്‍ ചെക്ക്പോസ്റ്റുകളില്‍ ഈ നിയമം നടപ്പാക്കാന്‍ സംവിധാനങ്ങളില്ല. വാഹനത്തില്‍ നിന്ന് ഇറക്കി പരിശോധിക്കുന്നതിന് പോയിട്ട് വാഹനത്തിന് മുകളില്‍ കയറി മാടുകളെ നിരീക്ഷിക്കുന്നതി നുള്ള സംവിധാനംപോലും അപര്യാപ്തമാണ്. നിശ്ചിത ഫീസും പടിയും വാങ്ങി മാടുകളെ കൊണ്ടുപോകാന്‍ അനുമതി നല്‍കുക മാത്രമാണ് ചെക്ക് പോസ്റ്റ് അധികൃതരുടെ ഡ്യൂട്ടി. പ്രതിരോധ വാക്സിനേഷന്‍ നല്‍കിയ പശുക്കള്‍ക്കും രോഗം ബാധിക്കുന്നത് അന്യസംസ്ഥാന മാടുകളില്‍ നിന്നാണ്.
ചെക്ക്പോസ്റ്റുകളിലെ പരിശോധന കഴിഞ്ഞാല്‍ മറ്റു പരിശോധനകളൊന്നും നടത്തുന്നില്ലെന്നതാണു യാഥാര്‍ഥ്യം. തമിഴ്നാട്ടില്‍നിന്ന് എത്തുന്ന അറവുമാടുകള്‍ വഴിയാണ് പ്രധാനമായും രോഗാണുക്കള്‍ എത്തുന്നത്. ജില്ലയില്‍ കഴിഞ്ഞ സെപ്റ്റംബര്‍ മാസം മുതല്‍ നവംബര്‍ വരെ 18 പശുക്കളാണ് കുളമ്പ് രോഗം മൂലം ചത്തത്. പശുക്കളും ആടുകളും അടക്കം 404 മൃഗങ്ങളെയാണ് കുളമ്പുരോഗം ബാധിച്ചിട്ടുള്ളത്. എടപ്പാള്‍, പൂക്കോട്ടുംപാടം മേഖലയില്‍ കുളമ്പ് രോഗം വ്യാപകമായി കണ്െടത്തിയിരുന്നു. പ്രതിരോധ കുത്തിവയ്പിലെ പാളിച്ചകളാണ് രോഗം വ്യാപകമാകാന്‍ കാരണം. മഴ തുടങ്ങുന്നതിനു മുമ്പേ കന്നുകാലികളില്‍ കുളമ്പു രോഗം തടയുന്നതിനുള്ള കുത്തിവെപ്പ് നടത്താറുണ്ട്. എന്നാല്‍ ഇത്തവണ ജീവനക്കാരുടെ സമരം മൂലം മാസങ്ങള്‍ കഴിഞ്ഞാണ് കുത്തിവെപ്പ് എടുത്തത്. കുത്തിവയ്പിന് ഉപയോഗിച്ച മരുന്നിന്റെ ഗുണനിലവാരവും ചോദ്യം ചെയ്യപ്പെടുന്നു. പരിശോധന കൂടാതെ രോഗവാഹികളായ കാലികള്‍ എത്തുന്നതും സര്‍ക്കാരിന്റെ വീഴ്ചയായി ക്ഷീരകര്‍ഷകര്‍ കാണുന്നു.കോടികള്‍ മുടക്കി മരുന്ന് വാങ്ങി പ്രതിരോധ കുത്തിവയ്പ് നടത്തുന്നത് ഫലപ്രദമാകാത്ത സാഹചര്യത്തില്‍ ക്ഷീര കര്‍ഷകര്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല സമീപനമുണ്ടാകുന്നില്ലെന്ന ആക്ഷേപവും ഉണ്ട്. കുളമ്പുരോഗം വ്യാപകമായതോടെ മേഖലയില്‍ പാല്‍ ഉത്പാദനത്തിലും കുറവുണ്ടായിട്ടുണ്ട്.
Discussion about this post