തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് 75 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ജീവനക്കാരുടെ പെന്ഷന് ഉള്‍പ്പെടെ മുടങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ ഈ തുക ആശ്വാസമാകും. ബജറ്റില്‍ വകയിരുത്തിയ തുകയില്‍ നിന്നാണ് 75 കോടി നല്‍കുക.
പ്രതിസന്ധി മൂലം രണ്ട് മാസമായി കെഎസ്ആര്‍ടിസിയില്‍ പെന്ഷന് മുടങ്ങിയിരിക്കുകയാണ്. വായ്പയെടുത്ത് പെന്ഷന് വിതരണം ചെയ്യേണ്ടതില്ലെന്ന് കോര്പ്പറേഷന് തീരുമാനമെടുത്തിരുന്നു. തുടര്‍ന്ന് പെന്‍ഷന്‍കാര്‍ പട്ടിണി ധര്‍ണ്ണയുമായി കഴിഞ്ഞയാഴ്ച സെക്രട്ടേറിയറ്റിനു മുന്നിലെത്തുകയും ചെയ്തു.
ഒരു മാസം ശമ്പളത്തിന് 45 കോടി രൂപയും പെന്ഷന് 36 കോടി രൂപയുമാണ് കെഎസ്ആര്‍ടിസിക്ക് വേണ്ടത്. നവംബറില്‍ പെന്ഷന് വിതരണത്തിനായി സംഘടിപ്പിച്ച 40 കോടി രൂപ വായ്പ ശമ്പളം നല്കാന് വേണ്ടി വന്നു. 25 കോടി രൂപ കെടിഡിഎഫ്സി മുഖേന വായ്പയെടുത്താണ് ഡിസംബറിലെ ശമ്പളം നല്‍കിയത്. പ്രതിസന്ധി പരിഹരിക്കാന്‍ പെന്ഷന് ബാദ്ധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുകയോ സര്‍ക്കാരും കോര്‍പ്പറേഷനും തുല്യപങ്കാളിത്തത്തോടെ പെന്ഷന് ഫണ്ട് രൂപീകരിക്കുകയോ വേണമെന്ന് കെഎസ്ആര്‍ടിസി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Discussion about this post