തലശേരി: കൊട്ടിയൂര്‍ അക്രമക്കേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന 32 പ്രതികളില്‍ 31 പേര്‍ക്ക് ഉപാധികളോടെ തലശേരി ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. പ്രതികളില്‍ ഒരാള്‍ 50,000 രൂപയുടെ ബോണ്ടും 50,000 രൂപയും മറ്റുള്ളവര്‍ 50,000 രൂപ വീതം ബോണ്ടും 10,000 രൂപ വീതവും കെട്ടിവയ്ക്കണമെന്നതുള്‍പ്പെടെയുള്ള ഉപാധികളോടെയാണു ജാമ്യം അനുവദിച്ചത്.
പണം കെട്ടിവയ്ക്കുന്നതിനു പുറമെ അതേ തുകയ്ക്കുള്ള രണ്ടു ജാമ്യക്കാരേയും ഹാജരാക്കണം. എല്ലാ ചൊവ്വാഴ്ചകളിലും കേളകം പോലീസ് സ്റേഷനില്‍ ഹാജരായി ഒപ്പിടണമെന്നും ജാമ്യവ്യവസ്ഥയില്‍ പറയുന്നു.
കൊട്ടിയൂര്‍ മൂത്തനാട്ട് ഹൌസില്‍ എം.എം. ജോണ്‍സനാണു ജാമ്യത്തിനായി 50,000 രൂപ രൂപ കെട്ടിവയ്ക്കേണ്ടത്. ഒന്നിലധികം കേസില്‍ പ്രതിയായതിനാലാണു ജാമ്യത്തുക കൂടിയത്. കൊട്ടിയൂര്‍ സംരക്ഷണസമിതിയാണു പ്രതികള്‍ക്കുവേണ്ടി ജാമ്യത്തുക കെട്ടിവയ്ക്കുന്നത്. ജാമ്യം ലഭിക്കാത്ത കല്ലുപുരയ്ക്കാത്ത് ജയ്മോനു നാലുകേസില്‍ മൂന്നെണ്ണത്തില്‍ ജാമ്യം ലഭിച്ചിട്ടുണ്ട്. മറ്റൊരു കേസില്‍ ഇന്നു വിധി പറയും. കഴിഞ്ഞ 20ന് അറസ്റിലായവര്‍ ഇന്നു പുറത്തിറങ്ങിയേക്കും. എന്നാല്‍, 27ന് കോടതിയില്‍ കീഴടങ്ങിയവര്‍ 17 നാണ് ജാമ്യത്തിലിറങ്ങുക. പ്രതികള്‍ക്കുവേണ്ടി അഡ്വ.പി.എം. സജിത ഹാജരായി.
നവംബര്‍ 14നാണു കേസിനാസ്പദമായ സംഭവം നടന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ സംഘടിക്കുകയും ഇതിനിടെ സര്‍വേക്കെത്തിയ കര്‍ണാടക വനപാലകരെ തടഞ്ഞുവയ്ക്കുകയും പോലീസ് വാഹനങ്ങള്‍ ഉള്‍പ്പെടെ കത്തിക്കുകയും ചെയ്യുകയായിരുന്നു.
Discussion about this post