കൊച്ചി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. തടിയന്റവിട നസീര്‍ ഒന്നാം പ്രതിയും സൂഫിയ മഅദനി പത്താം പ്രതിയുമാണ്. ആകെ 13 പേരെ പ്രതിചേര്‍ത്ത കുറ്റപത്രം കൊച്ചിയിലെ എന്‍ഐഎ കോടതിയിലാണ് സമര്‍പ്പിച്ചത്. പ്രതികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ഗൂഢാലോചന നടത്തിയതു ആലുവയിലാണെന്നും സൂഫിയയും മജീദും ചേര്‍ന്നാണു ആസൂത്രണം നടത്തിയതെന്നും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു. ആകെ 81 സാക്ഷികളാണുള്ളത്. ബസ് കത്തിച്ചതിലൂടെ തമിഴ്‌നാട് സര്‍ക്കാരിനു 15 ലക്ഷം രൂപയുടെ നഷ്‌ടം സംഭവിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു.
കളമശേരി ബസ് കത്തിക്കല്‍ കേസില്‍ മുഖ്യ ആസൂത്രകന്‍ കണ്ണൂര്‍ തയ്യില്‍ സ്വദേശി തടിയന്റവിട നസീറാണെന്നും ആലുവ കെഎസ്‌ആര്‍ടിസി ബസ് സ്‌റ്റാന്‍ഡിനു സമീപത്തെ ലോഡ്‌ജില്‍ നസീറിന്റെ നേതൃത്വത്തിലാണു ഗൂഢാലോചന നടത്തിയതെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ അവകാശവാദം. കോയമ്പത്തൂരില്‍ ജയിലിലായിരുന്ന പിഡിപി ചെയര്‍മാന്‍ അബ്‌ദുല്‍ നാസര്‍ മഅദനിയുടെ ജയില്‍മോചനം ആവശ്യപ്പെട്ടായിരുന്നു 2005 സെപ്‌റ്റംബര്‍ ഒന്‍പതിനു സേലത്തേക്കുള്ള ബസ് കളമശേരിക്കു സമീപം കത്തിച്ചത്.
Discussion about this post