ശബരിമല: മണ്ഡലകാലം ആരംഭിച്ചതിനുശേഷം ഇന്നലെവരെ സന്നിധാനത്തെ വിവിധ ആശുപത്രികളിലായി 82,950 പേര്‍ ചികിത്സതേടി. സന്നിധാനത്തെ ആലോപ്പതി ഡിസ്‌പെന്‍സറിയിലാണ് ഏറ്റവുമധികം പേര്‍ ചികിത്സ തേടിയത്. 35,327 പേര്‍. ഗവണ്‍മെന്റ് ഹോമിയോ ഡിസ്‌പെന്‍സറിയില്‍ 8,957 പേരും ആയുര്‍വേദ ഗവണ്‍മെന്റ് ഡിസ്‌പെന്‍സറിയില്‍ 25,844 പേരും എന്‍.എസ്.എസിന്റെ ആശുപത്രിയില്‍ 12,822 പേരും ചികിത്സതേടി.
പനി, സന്ധികളിലെ വേദന, തൊണ്ടവേദന, ഛര്‍ദ്ദി എന്നിവയ്ക്കാണ് കൂടുതല്‍ പേരും ചികിത്സതേടിയത്. സന്നിധാനം ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ പനി, ജലദോഷം, തൊണ്ടവേദന, ദഹനക്കുറവ്, ഛര്‍ദ്ദി, അതിസാരം മുതലായ അസുഖങ്ങള്‍ക്കും മലകയറി വരുമ്പോള്‍ ഉണ്ടാകുന്ന മുട്ടുവേദന, പേശിവേദന ,സന്ധിവേദന എന്നിവയ്ക്കും ഉളുക്കിനും ചതവിനും ചികില്‍സ ലഭ്യമാണ്. ഉളുക്ക്, ചതവ്, കാല്‍വേദന എന്നിവയുമായിവരുന്നവര്‍ക്ക് കിടത്തിച്ചികില്‍സയും ഒബ്‌സര്‍വേഷന്‍ സൗകര്യവുമുണ്ട്. ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സ്വേദനക്രിയ വിഭാഗം ഉപകാരപ്രദമാണ്. ആവി പിടിക്കല്‍, നസ്യം എന്നിവ ഇവിടെ നടത്താം. മൂന്നു ഡോക്ടര്‍മാരും രണ്ട് ഫാര്‍മിസിസ്റ്റുമാരും ഒരു തെറാപ്പിസ്റ്റും ഉള്‍പ്പെടെ ഒമ്പതു ജീവനക്കാര്‍ സേവനം അനുഷ്ഠിക്കുന്നു.
അലോപ്പതി ഡിസ്‌പെന്‍സറിയില്‍ എട്ടു ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. മൂന്നു സറ്റാഫ് നഴ്‌സുമാര്‍, അഞ്ചു നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍, മൂന്നു ഹെല്‍ത്ത് ഇന്‍സ്പ്‌പെക്ടര്‍മാര്‍, മൂന്നു ഫാര്‍മിസ്റ്റുകള്‍, നാല് അറ്റന്‍ഡന്റുമാര്‍, ലാബ് ടെക്‌നീഷ്യന്‍, സ്റ്റോര്‍ കീപ്പര്‍ തുടങ്ങിയവരും സേവനം അനുഷ്ഠിക്കുന്നു.
ഓപ്പറേഷന്‍ തിയേറ്റര്‍, പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍, ഡി.സി. ഷോക്ക്, ഐ.സി. യൂണിറ്റ് എന്നീ സൗകര്യങ്ങളുമുണ്ട്. എട്ടു ബെഡുകളുള്ള ഡിസ്‌പെന്‍സറിയില്‍ മൂന്നു എമര്‍ജന്‍സി ബെഡ് സംവിധാനവും സജ്ജമാണ്. അവശ്യമരുന്നുകളുടെ ശേഖരവുമായി ഫാര്‍മസിയും, കാരുണ്യ ഫാര്‍മസിയും ആശുപത്രിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നു. 93 ശതമാനം വരെ വിലക്കിഴിവിലാണ് കാരുണ്യഫാര്‍മസിയില്‍ നിന്ന് മരുന്നുകള്‍ നല്‍കുന്നത്.













Discussion about this post