സന്നിധാനത്തെ വര്‍ണ്ണപൂങ്കാവനമാക്കി പോലീസിന്റെ കര്‍പ്പൂരാഴി ഘോഷയാത്രദൃശ്യ-വാദ്യ വിരുന്നൊരുക്കിയ ദീപക്കാഴ്ച്ചയില്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു. ദീപാരാധനയ്ക്ക് ശേഷം കൊടിമരച്ചുവട്ടില്‍ ഓട്ടുരുളിയില്‍ നിറച്ച കര്‍പ്പൂരത്തില്‍ തന്ത്രിയും മേല്‍ശാന്തിയും ദീപം തെളിയിച്ച് ഘോഷയാത്രയ്ക്ക് തുടക്കം കുറിച്ചു. സന്നിധാനം വലംവച്ച് മാളികപ്പുറത്തമ്മയെ വണങ്ങി വാവരുനടയിലൂടെ പതിനെട്ടാംപടിയിലേക്കെത്തിയ കര്‍പ്പൂരാഴി ദീപക്കാഴ്ച്ചയില്‍ ഭക്തിയുടെ മൂര്‍ത്തീഭാവങ്ങളായ ദേവീ ദേവ ചൈതന്യങ്ങള്‍ നിറ ഞ്ഞാടി. പുരാണ കഥാപാത്രങ്ങള്‍ക്ക് പൊലീസിലെ കലാകാരന്‍മാര്‍ ജീവനേകിയപ്പോള്‍ ശിവനും പാര്‍വ്വതിയും മഹാവിഷ്ണുവും ബ്രഹ്മാവും വാവരുസ്വാമിയും പന്തളരാജാവും ഗണപതിയും ശിവന്റെ ഭൂതഗണങ്ങളും സര്‍പ്പകന്യകകളും ഭക്തമാനസങ്ങളെ ആനന്ദനിര്‍വൃതിയിലാറാടിച്ചു. മയില്‍വാഹനത്തില്‍ എഴുന്നള്ളിയ സുബ്രമണ്യനും പുലിപ്പുറത്തെത്തിയ മണികണ്ഠ സ്വാമിയുടെ വേഷമിട്ട ബാലനും ഏവരുടേയും ശ്രദ്ധയാകര്‍ഷിച്ചു.ചെണ്ടമേളവും ശിങ്കാരിമേളവും ആവേശത്തില്‍ കൊട്ടികേറിയപ്പോള്‍ വര്‍ണ്ണക്കാവടികളുടെ പൂരക്കാഴ്ച്ചയൊരുക്കിയ നയനവശ്യതയില്‍ ഭക്തര്‍ മതിമറന്നു. ഘോഷയാത്രയ്ക്ക് സമാപനം കുറിച്ചുകൊണ്ട് പുരാണ കഥാപാത്രങ്ങള്‍ ശ്രീ ധര്‍മ്മ ശാസ്താ ഓഡിറ്റോറിയത്തില്‍ മുഴുവന്‍ ഭക്തജനങ്ങള്‍ക്കും സൗകര്യപ്രദമായ രീതിയില്‍ വാദ്യമേളത്തിന്റെ അകമ്പടിയില്‍ ഒരിക്കല്‍ക്കൂടി നടനവിസ്മയമൊരുക്കി. കര്‍പ്പൂരാഴി ഘോഷയാത്രയില്‍ ഡിജിപി എസ്. ബാലസുബ്രമണ്യന്‍, സ്‌പെഷല്‍ ഓഫീസര്‍ ഡോ. എ.ശ്രീനിവാസ്, അസിസ്റ്റന്റ് സ്‌പെഷല്‍ ഓഫീസര്‍ പി. കൃഷ്ണകുമാര്‍, ലെയ്‌സണ്‍ ഓഫീസര്‍ രാംദാസ് എന്നിവര്‍ പങ്കെടുത്തു.













Discussion about this post