തിരുവനന്തപുരം: കേരള നിയമ നിര്‍മ്മാണ സഭയുടെ ശതോത്തരരജത ജൂബിലി ആഘോഷങ്ങളുടെ സമാപനം ഈ മാസം 30 തിങ്കളാഴ്ച രാവിലെ 11 ന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി എ.കെ.ആന്റണി ഉദ്ഘാടനം ചെയ്യും. നിയമസഭയിലെ മെമ്പേഴ്‌സ് ലോഞ്ചില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയിലാണ് സമാപന പരിപാടി നടക്കുക.
സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ സ്വാഗതമാശംസിക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തും. 25 വര്‍ഷം പൂര്‍ത്തിയാക്കിയ നിയമസഭാ സാമാജികര്‍, ദീര്‍ഘകാലം സഭാ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. ഡെപ്യൂട്ടി സ്പിക്കര്‍ എന്‍.ശക്തന്‍, വിവിധ കക്ഷി നേതാക്കളായ മന്ത്രിമാരായ, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.മാണി, ഷിബു ബേബിജോണ്‍, അനൂപ് ജേക്കബ്, എം.എല്‍.എ മാരായ സി.ദിവാകരന്‍, മാത്യു ടി. തോമസ്, എം.വി.ശ്രേയാംസ്‌കുമാര്‍, തോമസ് ചാണ്ടി, കെ.ബി.ഗണേഷ്‌കുമാര്‍ എന്നിവര്‍ ആശംസകള്‍ നേരും. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച സംസ്ഥാനതല അഭിരുചി പരീക്ഷാ വിജയികള്‍ക്കുളള സമ്മാനദാനവും ചടങ്ങില്‍ നിര്‍വ്വഹിക്കും. നിയമസഭാ സെക്രട്ടറി പി.ഡി.ശാരംഗധരന്‍ കൃതജ്ഞത രേഖപ്പെടുത്തും. ഉച്ചയ്ക്ക് രണ്ടു മണിമുതല്‍ സംഗീത പരിപാടിയും നടക്കും.













Discussion about this post