ന്യൂഡല്‍ഹി: പുതിയ കെപിസിസി പ്രസിഡന്റിനെ ഉടന്‍ തീരുമാനിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കൊപ്പം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രമേശ് ഇക്കാര്യം അറിയിച്ചത്. മന്ത്രിസഭയില്‍ ചേര്‍ന്നതോടെ താന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും മാറണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ജനുവരി 17ന് നടക്കുന്ന എഐസിസി സമ്മേളനത്തിന് മുന്‍പ് പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കണമെന്നാണ് രമേശും ഉമ്മന്‍ ചാണ്ടിയും ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് കൂടിക്കാഴ്ചയില്‍ പങ്കെടുത്തില്ല. രാവിലെ വാസ്നികുമായി രമേശ് കൂടിക്കാഴ്ച നടത്തിയിരുന്നു. മുകുള്‍ വാസ്നിക്കുമായി നടത്തുന്ന ചര്‍ച്ചകള്‍ക്ക് ശേഷമേ ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം എടുക്കാന്‍ സാധ്യതയുള്ളൂ. വിഷയത്തില്‍ എ.കെ.ആന്റണിയുടെ അഭിപ്രായം ഹൈക്കമാന്‍ഡ് തേടുമെന്ന് ഉറപ്പാണ്. ഇന്ന് ആന്റണി കോല്‍ക്കത്തയിലേക്ക് പോകും. ആന്റണിയും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും ഡല്‍ഹിയില്‍ മടങ്ങിയെത്തിയതിന് ശേഷമാവും പുതിയ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കുക. ഇപ്പോഴത്തെ സാധ്യത വച്ച് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ തന്നെ കെപിസിസി പ്രസിഡന്റാകും. കാര്‍ത്തികേയന്റെ കാര്യത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ സമവായം ആയിട്ടുണ്ട്. കാര്‍ത്തികേയന്റെ പേര് രമേശും ഉമ്മന്‍ ചാണ്ടിയും സോണിയയെ അറിയിച്ചു. ഹൈക്കമാന്‍ഡില്‍ നിന്ന് വി.എം സുധീരന്റേയോ വി.ഡി സതീശന്റേയോ പേര് വന്നാല്‍ ഐ ഗ്രൂപ്പും ചെന്നിത്തലയും വി.ഡി സതീശനെ നിര്‍ദ്ദേശിക്കാനാണ് സാധ്യത. എഐസിസി സെക്രട്ടറി കൂടിയായതിനാല്‍ സതീശനെ പ്രസിഡന്റ് ആക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് അറിയിക്കും. വി.എം സുധീരനെ പ്രസിഡന്റാക്കുന്നതിനോട് എ ഗ്രൂപ്പിനും ഉമ്മന്‍ ചാണ്ടിയ്ക്കും തീരെ താത്പര്യമില്ല. സുധീരനെ പ്രസിഡന്റാക്കിയാല്‍ പാര്‍ട്ടിയും സര്‍ക്കാരും രണ്ടുവഴിക്കാകുമെന്ന വിലയിരുത്തലായിരിക്കും ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിന് മുന്നില്‍ വയ്ക്കുക. സുധീരന്റെ കാര്യത്തില്‍ ചെന്നിത്തലയും മൌനം പാലിക്കും.













Discussion about this post