രാജ്യത്തെ ജനങ്ങള്‍ ഉള്ളി കഴിക്കുന്നത് നിര്‍ത്തിയാല്‍ വില താനെ കുറയുമെന്ന സുപ്രീംകോടതിയുടെ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണ്. ഓരോ വ്യക്തിയും എന്തു കഴിക്കണം എന്തു കഴിക്കേണ്ട എന്നു തീരുമാനിക്കേണ്ടത് അവരവര്‍ തന്നെയാണ്. വ്യക്തി സ്വാതന്ത്ര്യത്തിനു മേലുള്ള കൈകടത്തലാണ് രാജ്യത്തെ പരമോന്നത കോടതിയുടെ ഇത്തരത്തിലൊരു പരാമര്‍ശം. അവശ്യവസ്തു പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഉള്ളിയുടെ വില വടക്കേഇന്ത്യന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കുന്ന ഘടകമാണ്. ഇതില്‍നിന്നുതന്നെ കോടിക്കണക്കിനു മനുഷ്യരുടെ ആഹാരത്തിലെ അവിഭാജ്യ ഘടകമാണ് ഉള്ളി എന്നു വ്യക്തമാണ്.
രാജ്യത്ത് ഉള്ളി വില ഏകീകരിക്കാന്‍ സര്‍ക്കാരുകളോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ബി.എസ് ചൗഹന്‍ അദ്ധ്യക്ഷനായുള്ള ബഞ്ച് ജനങ്ങളെ തന്നെ പരിഹസിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയത്. പച്ചക്കറികളുടെ വില നിയന്ത്രിക്കലല്ല സുപ്രീംകോടതിയുടെ ജോലിയെന്നും ഉത്തരവില്‍ പറയുന്നു.
ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ വസ്തുക്കളാണ് വെള്ളവും ആഹാരവും. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ആഹാരസാധനമായി ഉപയോഗിക്കുന്ന ഉള്ളിയുടെ വില സംബന്ധിച്ചാണ് പരമോന്നത നീതിപീഠത്തിനു മുന്നില്‍ പൊതുതാല്‍പര്യ ഹര്‍ജി വന്നത്. ജീവല്‍ പ്രധാനമായ ഈ പ്രശ്‌നത്തില്‍ ഇടപെടുന്നതില്‍നിന്ന് സുപ്രീംകോടതിക്ക് എങ്ങനെ ഒഴുഞ്ഞുമാറാന്‍ കഴിയും? അഥവാ പൊതുതാല്‍പര്യ ഹര്‍ജി തള്ളണമെങ്കില്‍ അതിനുള്ള അധികാരം പരമോന്നത നീതിപീഠത്തിനുണ്ട്. എന്നാല്‍ ജനങ്ങള്‍ ഉള്ളി കഴിക്കാതെ വിലകുറയ്ക്കാന്‍ ആവശ്യപ്പെട്ടത് ഉള്ളി കര്‍ഷകര്‍ക്കെതിരെയുമുള്ള പരമാര്‍ശമായെ കാണന്‍ കഴിയു.
ജനങ്ങളുടെ അവസാനത്തെ അഭയസ്ഥാനമാണ് സുപ്രീംകോടതി. ആ നിലയില്‍ ഉള്ളി വില സംബന്ധിച്ച് എത്തിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചില്ലെങ്കില്‍ വേണ്ട. പക്ഷേ, ജനങ്ങളെ അപഹസിക്കുന്ന പരാമര്‍ശം നടത്തിയത് തെറ്റായിപ്പോയെന്നു പറയാതെവയ്യ.
Discussion about this post