തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി വൈകല്യം സംബന്ധിച്ച വിവരശേഖരണം നടത്തുമെന്ന് മന്ത്രി ഡോ. എം.കെ. മുനീര്‍ പറഞ്ഞു. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെ പിന്തുണയോടെയാവും വിശദമായ സര്‍വേ നടത്തി വിവരം ശേഖരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. വൈകല്യം തടയുവാനുള്ള പ്രതിരോധ പദ്ധതിയുടെ (സ്റ്റേറ്റ് ഇനീഷ്യേറ്റീവ് ഓണ്‍ ഡിസബിലിറ്റീസ്) സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈകല്യ വിമുക്തമായ സമൂഹം എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ പരിപാടികള്‍ക്ക് വൈകല്യം സംബന്ധിച്ച വിവരശേഖരം സഹായകമാകുമെന്നും മന്ത്രി പ്രത്യാശിച്ചു. ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടെ കേരള സാമൂഹ്യസുരക്ഷാ മിഷനാണ് സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓണ്‍ ഡിസബിലിറ്റീസ് പദ്ധതി നടപ്പാക്കുന്നത്. വൈകല്യം തടയല്‍, നേരത്തേ കണ്ടുപിടിക്കല്‍, നേരത്തേ ഇടപെടല്‍, വിദ്യാഭ്യാസം, പുനരധിവാസം എന്നിവയാണ് പദ്ധതിയുടെ പ്രധാനലക്ഷ്യങ്ങള്‍. ഈ വര്‍ഷം സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്‍പത് മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന 7,94,512 പെണ്‍കുട്ടികള്‍ക്ക് റുബല്ല വാക്‌സിനും ഒന്നര വയസുള്ള 505748 കുട്ടികള്‍ക്ക് എം.എം.ആര്‍ വാക്‌സിനും പദ്ധതി പ്രകാരം നല്‍കും. അടുത്ത വര്‍ഷം എട്ട്, ഒന്‍പത് ക്ലാസുകളില്‍ പഠിക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും റുബല്ല വാക്‌സിനും ഒന്നര വയസ് പ്രായമായ എല്ലാ കുട്ടികള്‍ക്കും എം.എം.ആര്‍ വാക്‌സിനും നല്‍കും. 11 വര്‍ഷം ഈ രീതിയില്‍ തുടര്‍ന്നശേഷം റുബല്ല വാക്‌സിന്‍ പിന്‍വലിക്കുകയും എം.എം.ആര്‍. വാക്‌സിന്‍ തുടരുകയും ചെയ്യും. ഈ പദ്ധതിയിലൂടെ റുബല്ല വഴിയുണ്ടാകുന്ന ശിശുമരണം, ജന്മനായുള്ള ബധിരത, തിമിരം ഉള്‍പ്പെടെയുള്ള കാഴ്ച പ്രശ്‌നങ്ങള്‍, ബുദ്ധിമാന്ദ്യം, ഹൃദയവൈകല്യങ്ങള്‍ തുടങ്ങിയവ തടയാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
മേയര്‍ അഡ്വ. കെ. ചന്ദ്രികയുടെ അധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ വി.എന്‍. ജിതേന്ദ്രന്‍, എസ്.ഐ.ഡി പ്രോജക്ട് ഡയറക്ടര്‍ ഡോ. ടി.പി. അഷ്‌റഫ്, ആരോഗ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. സുനില്‍ കുമാര്‍ ആശുപത്രി സൂപ്രണ്ട് ജോസ് ജി. ഡിക്രൂസ്, നഗരസഭ. കൗണ്‍സിലര്‍ ജി. മാധവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു. ആരോഗ്യ വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ നേരത്തെ ആശുപത്രിയിലെത്തി പരിപാടിക്ക് ആശംസകള്‍ രേഖപ്പെടുത്തി.













Discussion about this post