തിരുവനന്തപുരം: കേരള ട്രാന്‍സ്പോര്‍ട്ട് ഡവലപ്പ്മെന്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ബിഒടി അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസിക്കുവേണ്ടി നിര്‍മിച്ച ടെര്‍മിനലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. തലസ്ഥാനനഗരത്തിന്റെ വികസന ചരിത്രത്തില്‍ നാഴികകല്ലാകുന്ന ഈ പദ്ധതി ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് യാഥാര്‍ഥ്യമായത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തെ മികച്ച ഷോപ്പിംഗ് കോപ്ളക്സ് കൂടിയായി ടെര്‍മിനല്‍ മാറും. ആദ്യത്തെ മൂന്നു നിലകളാണ് ഷോപ്പിംഗ് കേന്ദ്രമാകുക. മള്‍ട്ടിപ്ളക്സുകള്‍, വിവിധ ബ്രാന്‍ഡുകളുടെ ഷോറൂമുകള്‍ തുടങ്ങിയവയ്ക്കായുള്ള ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. മൂന്നരലക്ഷം ചതുരശ്രഅടി വിസ്തീര്‍ണമുള്ള ഈ കോംപ്ളക്സിന് 65 കോടി രൂപയാണ് നിര്‍മാണചിലവ്. ബഹുനില പാര്‍ക്കിംഗ് സംവിധാനം, ഷോപ്പിംഗ്മാള്‍, മള്‍ട്ടിപ്ളക്സ് തീയറ്ററുകള്‍, ഫുഡ് കോര്‍ട്ടുകള്‍ എന്നിവയെല്ലാം 12 നിലകളുള്ള ബസ്ടെര്‍മിനല്‍ കോപ്ളക്സിലുണ്ട. 12 നിലകളിലേയ്ക്കുമായി എസ്കലേറ്ററുകള്‍ ഉണ്ടാകും. 25 ബസുകള്‍ ഒരേ സമയം നിറുത്തിയിട്ട് യാത്രക്കാരെ കയറ്റാനുള്ള സൌകര്യമുണ്ട്. പ്രധാന കെട്ടിടത്തിന്റെ പിന്‍ഭാഗത്തായിട്ടാണ് കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൌകര്യം ഒരുക്കിയിരിക്കുന്നത്. യാത്രക്കാര്‍ക്കുളള അറിയിപ്പുകള്‍ എല്‍ഇഡി സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. കെട്ടിടത്തിന്റെ നാല് നിലകളില്‍ കെഎസ്ആര്‍ടിസിയുടെ ഭരണകാര്യാലം പ്രവര്‍ത്തിക്കും. മൂന്നാം നിലയിലാണ് മള്‍ട്ടിപ്ളക്സ് തിയേറ്റര്‍. 200 കാറുകള്‍ക്കും 500 ഇരുചക്രവാഹനങ്ങള്‍ക്കും പാര്‍ക്കു ചെയ്യുന്നതിനായുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. മൂന്നാം നിലയിലേക്ക് വാഹനം കടത്താനായി പ്രത്യേക റാമ്പ് ഉണ്ട്. താഴത്തെ നിലയിലാണു സൂപ്പര്‍മാര്‍ക്കറ്റുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുക. ഫുഡ് കോര്‍ട്ടുകളും ഇവിടെയാണ്. ടാറിംഗ് പൂര്‍ണമായി ഒഴിവാക്കി ഇന്റര്‍ലോക്ക് ടെയിലുകളാണ് ടെര്‍മിനലില്‍ പാകിയിരിക്കുന്നത. റിപ്പയര്‍ ഗ്യാരേജിനുള്ളില്‍ ബസുകളില്‍ ഇന്ധനം നിറയ്ക്കാനുള്ള സംവിധാനവും ഉണ്ടാകും. കാല്‍നട യാത്രക്കാര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്ന രീതിയിലാണ് ടെര്‍മിനല്‍ രൂപകല്‍പന ചെയ്തത്. ഷോപ്പിങ് കോംപ്ളക്സില്‍ 300ഓളം വാഹനങ്ങള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാം. ബസ് ടെര്‍മിനലിനകത്തേക്ക് സ്വകാര്യ വാഹനങ്ങള്‍ക്കുള്‍പ്പെടെ കടക്കുന്നതിനും പോകുന്നതിനും പ്രത്യേക സൌകര്യമുണ്ടാകും. 10 ബസ് ബേകളാണ് തയാറാക്കുന്നത്. 150 ബസുകള്‍ ഒരേസമയം ഇവിടെ പാര്‍ക്ക് ചെയ്യാനാകും. പുറത്തുനിന്നുള്ള ബസുകള്‍ എത്തുന്ന സ്ഥലത്ത് ഓട്ടോകളും ഇരുചക്ര വാഹനങ്ങളും പാര്‍ക്ക് ചെയ്യുന്നതിനുള്ള സ്ഥലം ഉണ്ടാകും. ബസില്‍ നിന്നിറങ്ങുന്ന യാത്രക്കാരെ ഉദ്ദേശിച്ചാണ് ഇത്. 25 പ്ളാറ്റ്ഫോമില്‍ അഞ്ചെണ്ണം ഗാരിജില്‍ പോകാതെ തമ്പാനുരില്‍ വന്നുപോകുന്ന ബസുകള്‍ക്കുള്ളതാണ്. 10 മിനിട്ടു വരെയാണ് ബസ് നിര്‍ത്തിയിടാനുള്ള പരമാവധി സമയം. 25,00 മുതല്‍ 34,00 വരെ ഷെഡ്യൂളുകള്‍ ഓപ്പറേറ്റ് ചെയ്യാനുള്ള ശേഷി പുതിയ ടെര്‍മിനലിനുണ്ട്. ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.













Discussion about this post