തിരുവനന്തപുരം: ആരോഗ്യമുളള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ കുട്ടികളുടെ പങ്ക് നിര്‍ണ്ണായകമാണെന്നും ശുചിത്വബോധത്തിന്റെയും ആരോഗ്യശീലത്തിന്റെയും സന്ദേശവാഹകരാകാന്‍ കുട്ടികള്‍ക്ക് കഴിയണമെന്നും ആരോഗ്യവകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. അക്ഷരമുറ്റം ശുചിത്വമുറ്റം പരിപാടിയുടെ ഭാഗമായി ജില്ലാ ശുചിത്വമിഷന്‍ റവന്യുജില്ലാതലത്തില്‍ തലത്തില്‍ നടത്തിയ ക്വിസ്മത്സരത്തില്‍ വിജയികള്‍ക്കുളള സമ്മാനങ്ങള്‍ വിതരണം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ശുചിത്വമിഷന്‍ വിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ സ്‌കൂളുകളില്‍ നടപ്പാക്കിവരുന്ന ശുചിത്വബോധവത്കരണപരിപാടിയാണ് അക്ഷരമുറ്റം ശുചിത്വമുറ്റം. കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ കൗണ്‍സിലര്‍ കെ. സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എസ്.എം.വി. ഹൈസ്‌കൂളിലെ അജയ് പ്രദീപ് ഒന്നാം സ്ഥാനവും കിളിമാനൂര്‍ ഹൈസ്‌കൂളിലെ അവിനാശ് രണ്ടാം സ്ഥാനവും കാര്‍മല്‍ ഹൈസ്‌കൂളിലെ ശ്രേയ മൂന്നാം സ്ഥാനവും നേടി. യു.പി. വിഭാഗത്തില്‍ അദൈ്വത എം.എസ്. (കോട്ടണ്‍ഹില്‍), ആര്യനന്ദ (പേരയില്‍ ഗവ. യു.പി.എസ്.), ഗംഗ എസ്. ലാല്‍ (ആറ്റിങ്ങല്‍ ടൗണ്‍ യു.പി.എസ്.) എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് എന്നീ സ്ഥാനങ്ങള്‍ നേടി. സംസ്ഥാന ശുചിത്വമിഷന്‍ ഡയറക്ടര്‍ വി.എസ്. സന്തോഷ്‌കുമാര്‍, പി.എ.യു. പ്രോജക്റ്റ് ഡയറക്ടര്‍ ജോര്‍ജ് ജേക്കബ്, ശുചിത്വമിഷന്‍ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷാജി ക്ലമന്‍ഡ് തുടങ്ങിയവര്‍ സംസാരിച്ചു.













Discussion about this post