തിരുവനന്തപുരം: ആറ്റുകാലില്‍ പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കുമെന്നും വനിതാ പോലീസിന് പ്രാമുഖ്യം നല്‍കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. നിരവധിനാളായുള്ള ആവശ്യം പരിഗണിച്ചാണിത്. ഇതിനായി സ്ഥലസൗകര്യങ്ങള്‍ ക്ഷേത്രം ട്രസ്റ്റ് ഒരുക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് സുരക്ഷാക്രമീകരണങ്ങള്‍ ക്ഷേത്രം കോണ്‍ഫറന്‍സ് ഹാളില്‍ വിലയിരുത്തുകയായിരുന്നു അദ്ദേഹം. ദേവസ്വം മന്ത്രി വി.എസ്.ശിവകുമാറും യോഗത്തില്‍ പങ്കെടുത്തു. പൊങ്കാല കഴിഞ്ഞാലുടന്‍ പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള നടപടികളാരംഭിക്കും. കഴിവതും പുനര്‍വിന്യാസം വഴിയാവും ഉദ്യോഗസ്ഥരെ നിയമിക്കുക. വനിതാ ഭക്തര്‍ അധികം എത്തുന്ന ക്ഷേത്രമായതിനാലാണ് വനിതാ ഉദ്യോഗസ്ഥരെ കൂടുതല്‍ നിയമിക്കുന്നത്. മന്ത്രി വി.എസ്.ശിവകുമാര്‍, ശിവന്‍കുട്ടി എം.എല്‍.എ. എന്നിവര്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നതായും അദ്ദേഹം അറിയിച്ചു.
പൊങ്കാല സംബന്ധിച്ച ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിലെ തീരുമാനങ്ങള്‍ നടപ്പിലാക്കിയത് വിലയിരുത്താനാണ് യോഗം വിളിച്ചതെന്ന് മന്ത്രി പറഞ്ഞു. ഏകദേശം 40 ലക്ഷത്തോളം ഭക്തജനങ്ങളെയാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്. ഇത്രയും പേര്‍ ഒന്നിച്ച് പൊങ്കാലയിടുന്നത് ലോകത്ത് തന്നെ അപൂര്‍വ്വമാണ്. ഏതു സാഹചര്യവും നേരിടാന്‍ പോലീസും ഫയര്‍ഫോഴ്‌സും സുസജ്ജമാവണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഭക്തജനങ്ങള്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാവരുത് വിവിധ വകുപ്പുകളുടെ ഏകോപനത്തോടൊപ്പം സന്നദ്ധ സംഘടനകളുടെ സഹായവും തേടണമെന്നും അദ്ദേഹം പറഞ്ഞു.
എ.ഡി.എമ്മിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണ്. സര്‍ക്കാര്‍ ഭാഗത്തുനിന്നും ഇനിയും ചെയ്യേണ്ടവ സംബന്ധിച്ച് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചാല്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. പോലീസ്, വൈദ്യുതി വിഭാഗങ്ങള്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. കുടിവെള്ള വിതരണത്തിനും, തടസമില്ലാതെ വൈദ്യുതി എത്തിക്കുന്നതിനും ക്രമീകരണങ്ങളായിട്ടുണ്ട്. ഭക്തജനങ്ങള്‍ക്ക് വരാനും തിരിച്ചുപോകുന്നതിനും കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ നടത്തും.
കൂടുതല്‍ ക്യാമറകള്‍ സ്ഥാപിച്ച് നേരത്തെ തന്നെ നിരീക്ഷണം ആരംഭിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ പറഞ്ഞു. മറ്റ് വിവിധ വിഭാഗങ്ങളുടെ ക്രമീകരണങ്ങളും യോഗം വിലയിരുത്തി. അന്നദാനം നടത്തുന്നവര്‍ പ്ലാസ്റ്റിക് തെര്‍മോകോള്‍ പ്ലേറ്റുകള്‍ ഒഴിവാക്കണമെന്ന് മേയര്‍ കെ.ചന്ദ്രിക അഭ്യര്‍ത്ഥിച്ചു. പോലീസ് സ്റ്റേഷന്‍ അനുവദിച്ചതിന് വി.ശിവന്‍കുട്ടി എം.എല്‍.എ. ആഭ്യന്തര മന്ത്രിയെ അഭിനന്ദിച്ചു. ആഭ്യന്തര സെക്രട്ടറി എല്‍.രാധാകൃഷ്ണന്‍, എ.ഡി.ജി.പിമാര്‍, ക്ഷേത്രം ഭാരവാഹികളായ രാമചന്ദ്രന്‍ നായര്‍, ജ്യോതിഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.













Discussion about this post