കൊച്ചി: പിഎസ്‌സി പരീക്ഷ എഴുതാതെയും റാങ്ക് ലിസ്‌റ്റില്‍ ഉള്‍പ്പെടാതെയും സര്‍ക്കാര്‍ ജോലി തരപ്പെടുത്തിയെന്ന കേസില്‍ എട്ടാം പ്രതി കെ.ബി. ഷംസീറയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഷംസീറ കീഴടങ്ങണം എന്നു കോടതി നിര്‍ദേശിച്ചു.എടക്കര ഹൈസ്‌കൂളിന് സമീപം കറുത്തേടത്ത് അഷറഫിന്റെ ഭാര്യയായ ഷംസീറ ഇപ്പോള്‍ ഒളിവിലാണ്.
വ്യാജനിയമനം നേടിയതായി ആരോപിക്കപ്പെട്ട ഏഴു പേരുടെ സര്‍വീസ് റഗുലറൈസ് ചെയ്‌തത് ഒറ്റ ദിവസമാണെന്നു തെളിയുന്ന രേഖയും ഷംസീറയുടെ ജാമ്യാപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ചിരുന്നു. താന്‍ കുറ്റമൊന്നും ചെയ്‌തിട്ടില്ലെന്നു ഷംസീറയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേരു റജിസ്‌റ്റര്‍ ചെയ്‌തിരുന്നു. ഡപ്യൂട്ടി കലക്‌ടറാണു നിയമനം നല്‍കിയത്. 2010 ഏപ്രില്‍ 28നാണു മാനന്തവാടി താലൂക്ക് ഓഫിസില്‍ ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് ബത്തേരി താലൂക്ക് ഓഫിസിലേക്ക് സ്‌ഥലംമാറ്റം ലഭിച്ചു. താലൂക്ക് ഓഫിസിലെ സര്‍വേയില്‍ പങ്കെടുത്തിരുന്നു. നിയമനം സ്‌ഥിരപ്പെടുത്താന്‍ ജില്ലാകലക്‌ടര്‍ ശുപാര്‍ശ ചെയ്‌തിട്ടുണ്ടെന്നും ഹര്‍ജിക്കാരി ബോധിപ്പിച്ചിരുന്നു.
Discussion about this post